കൊല്ലം : കലാലയ ജീവിതങ്ങൾക്ക് ഉണർവേകി നാലുവർഷത്തിനുശേഷം കൊല്ലത്തിന്റെ മണ്ണിലേക്ക് കലോത്സവം തിരികെയെത്തി. പ്രധാന വേദിയായ കൊല്ലം ശ്രീനാരായണ കോളേജിലെ കെ പി എ സി ലളിത നഗറിൽ വൈകുന്നേരം 5 മണിക്ക് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. V. P മഹാദേവൻ പിള്ള കൊടി ഉയർത്തിയതോടു കൂടി കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് തുടക്കം ആയി . തുടർന്ന് 6 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ,എം. നൗഷാദ് MLA യിൽ നിന്ന് വിളക്ക് ഏറ്റുവാങ്ങി തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങിൽ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അനില രാജു സ്വാഗത പ്രസംഗം നടത്തി.
ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി തന്റെ കോളേജ് കാലഘട്ടത്തിലെ യൂണിയൻ പ്രവർത്തനവും വിദ്യാർഥികൾക്കിടയിലും വിദ്യാഭ്യാസമേഖലയിലും അവ ചെലുത്തിയ സ്വാധീനവും പങ്കുവെക്കുകയുണ്ടായി. അതോടൊപ്പം ഭാവി കേരളത്തെ “വയോധികരുടെ പേ വാർഡാ”യി മാറ്റരുതെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ കലോത്സവത്തെ പ്രമേയമാക്കി സംവിധാനം ചെയ്ത പൂമരം എന്ന സിനിമയുടെ ഓർമ്മകളും ആ സിനിമ ചെയ്യാനുണ്ടായ പ്രചോദനവും പങ്കുവെച്ച് അദ്ദേഹം വേദിയെ അവിസ്മരണീയമാക്കി.
MLA എം.നൗഷാദ്, കേരള യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, അഡ്വ. KH ബാബൂജൻ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ അനന്ദു.പി നന്ദി അറിയിച്ചു.
മീഡിയ സെൽ ഉൽഘാടനം ചിന്തജെറോം നിർവഹിച്ചു
കേരള സർവകലാശാല യൂണിയൻ കലോത്സവത്തോട് അനുബന്ധിച്ച് മീഡിയ സെല്ലിന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം നിർവഹിച്ചു. കലോത്സവ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും, വിവര ശേഖരണത്തിനായി പ്രവർത്തിക്കുക എന്നതാണ് മീഡിയ സെല്ലിന്റെ പ്രധാന ലക്ഷ്യം. പ്രധാന വേദിയായ കൊല്ലം ശ്രീ നാരായണ കോളേജ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
കലോത്സവ സംഘാടക സമിതി കൺവീനർ അനന്ദു. പി, കലോത്സവ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപി കൃഷ്ണൻ, വോളന്റീർ കമ്മിറ്റി കൺവീനർ വിഷ്ണു. എ, മീഡിയ സെൽ കൺവീനർ സഹൽ കടയ്ക്കൽ സംഘടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.