പത്തനാപുരം: നിരന്തരമായി സർക്കാർ ഉദ്യോഗസ്ഥരേയും, സംഘടനാ നേതാക്കളേയും പുലഭ്യം പറയാനും, ആക്ഷേപിക്കാനും പറ്റിയ പദവിയായി എം.എൽ. എ സ്ഥാനം കാണരുതെന്ന് കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു.
മറ്റ് പല വിഷയങ്ങളിൽ നിന്നും ജന ശ്രദ്ധ തിരിക്കാൻ വേണ്ടി വീണുകിട്ടുന്ന അവസരങ്ങളെല്ലാം സർക്കാർ ഉദ്യോഗസ്ഥരെ തെറി പറയുന്നത് നിത്യ സംഭവമായിരിക്കുകയാണ്, കഴിഞ്ഞ ദിവസം തലവൂരിൽ ആരോഗ്യ മന്ത്രിയെ വേദിയിലിരുത്തി ഡോക്ടർമാരെയും, അവരുടെ സംഘടനാ നേതാക്കളേയും ആക്ഷേപിച്ചതും, റവന്യുമന്ത്രിയെ വേദിയിലിരുത്തി ജില്ലാ കളക്ടറെ ആക്ഷേപിച്ചതും ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്.
മുൻപ് താലൂക്ക് വികസന സമിതി യോഗത്തിനിടയിൽ വനിതയായ പൊതുമരാമത്ത് എ.ഇ യെ ആക്ഷേപിച്ച സംഭവം വിവാദമായിട്ടുള്ളതുമാണ്. പ്രത്യേകിച്ച് വനിത ഉദ്യോഗസ്ഥർക്ക് നേരെ നിരന്തരമായി നടത്തുന്ന ഇത്തരം പ്രസ്ഥാവനകൾ എം.എൽ.എയുടെ സ്ത്രീ വിരുദ്ധത പ്രകടമാക്കുന്നതാണെന്നും,സ്വയം കേമനാണെന്ന് വരുത്തി തീർക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ തികച്ചും അപഹാസ്യമാണെന്നും, പത്തനാപുരം എം.എൽ.എ ഉദ്യോഗസ്ഥരോടുള്ള സമീപനം തിരുത്തണമെന്നും ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു.
വനിതാ ഉദ്യോഗസ്ഥർമാരെ മാത്രം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നതിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും ജ്യോതികുമാർ ചാമക്കാല ചോദിച്ചു .