അങ്കമാലി: കൊച്ചി കലൂരിലെ ഹോട്ടൽമുറിയിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞ് നോറ മരിയയുടെ അമ്മൂമ്മ (അച്ഛന്റെ അമ്മ) സിപ്സിക്കെതിരേ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവു കേസുകൾ വരെയുണ്ട്. അങ്കമാലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പ്രധാനിയാണ് സിപ്സി. ലിസ്റ്റിലെ ഏക വനിതയായ ഇവരുടെ മകൻ സജീവും റൗഡി ലിസ്റ്റിലുണ്ട്. ഇവരുടെ സുഹൃത്തായ ജോൺ ബിനോയി ഡിക്രൂസ് ആണ് സജീവിന്റെ മകൾ നോറ മരിയയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്.
സിപ്സി മോഷണം മുതൽ കഞ്ചാവു കേസിൽ വരെ ഇവർക്കെതിരേ വിവിധ ജില്ലകളിൽ കേസുണ്ട്. ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശ്ശൂർ, എറണാകുളം തുടങ്ങിയ ഇടങ്ങളിലാണ് ഇവർക്കെതിരേ കേസുകളുള്ളത്. വാറന്റുമായി പോലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി ഇറങ്ങി ഓടുകയും ഭീഷണപ്പെടുത്തുകയുമാണ് ഇവരുടെ പതിവ്.
പോലീസ് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ഇവർ പല കുതന്ത്രങ്ങളും പയറ്റും. ദേഹത്താകെ മലംപുരട്ടി ഇറങ്ങിയോടുകയും പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിടിക്കാനെത്തിയ പോലീസുകാർ ഉപദ്രവിച്ചതായി നാട്ടുകാരോടു പറഞ്ഞ് പീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടുമുണ്ട്.