കൊല്ലം :കേക്കുകളുടെ വിസ്മയലോകത്തേക്ക് നമ്മെ കൂട്ടികൊണ്ടുപോവുകയാണ് പത്തനാപുരം അൻസാർ മൻസിലിൽ ഷെജി അൻസാർ .കോവിഡിന്റെ ആരംഭഘട്ടത്തിലാണ് ഷെജി കേക്കുകളെ കൂടുതലായി അടുത്തറിയുന്നത് .

ആദ്യമൊക്കെ യുട്യൂബ് ചാനൽ വഴി കേക്ക് നിർമ്മാണത്തെ കുറിച്ച് മനസിലാക്കി .പിന്നീട് ഓൺലൈൻ ക്ലാസ് വഴി കേക്ക് നിർമ്മാണത്തിൽ പരിശീലനം തുടങ്ങി .ആദ്യ രണ്ട് മൂന്ന് മാസം പിന്നിടുമ്പോഴേക്കും കേക്ക് നിർമ്മാണം സ്വായത്തമാക്കി .
ഇന്ന് പിസാ മുതൽ വിവിധതരം കേക്കുകളുടെ നിർമ്മാണത്തിൽ മുഴുകിയിരിക്കുകയാണ് ഷെജി കഴിഞ്ഞ ഓണത്തിന് നിർമിച്ച സദ്യകേക്കിലൂടെയാണ് ഷെജി താരമാകുന്നത് .പച്ചടി ,അവിയൽ ,തോരൻ ,ഉപ്പേരി ,പഴം തുടങ്ങി എല്ലാ വിഭവങ്ങളും സദ്യകേക്കിലൂടെ തയാറാക്കി ഷെജി താരമായപ്പോൾ സദ്യകേക്കിന് വൻ ഡിമാന്റായി .

അടുത്ത സുഹൃത്തുക്കൾ വഴി പതുക്കെ പതുക്കെ വിപണിയിലേക്ക് കുതിക്കണമെന്ന ആഗ്രഹവും ഷെജിക്കുണ്ട് .ഭർത്താവ് അൻസാറിന്റെയും മക്കളുടെയും പരിപൂർണ്ണ പിന്തുണയാണ് ഷെജിക്ക് കരുത്തേകുന്നത് .
കൊല്ലം പത്തനംതിട്ട ജില്ലകളുടെ വിവിധ മേഖലകളിൽ ഓർഡർ അനുസരിച്ച് കേക്കുകൾ എത്തിക്കാൻ ഷെജിക്ക് കഴിഞ്ഞു എന്നത് ഷെജിക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട് .വിപണി കീഴടക്കുക എന്നതിലുപരി തന്റെ പാഷൻ ആയി കേക്ക് നിർമ്മാണത്തെ നോക്കിക്കാണുകയാണ് ഷെജി .
ഇതിനിടെ ആയിരത്തിലധികം കേക്കുകൾ നിർമ്മിച്ചുകഴിഞ്ഞതായി ഷെജി പറയുന്നു .മായം ചേർക്കാതെയും ,കൃത്രിമം കാട്ടാതെയും ആവശ്യക്കാർക്ക് കേക്ക് എത്തിച്ചു നല്കാൻ കഴിയുന്നു എന്നതിലാണ് തന്റെ സംതൃപ്തി എന്ന് ഷെജി പറഞ്ഞുവയ്ക്കുമ്പോൾ കച്ചവടത്തിനുമപ്പുറം ഗുണമേന്മയിലും നൂറു ശതമാനം ഉറപ്പു നൽകുകയാണ് ഷെജി .
അംഗീകൃത രെജിസ്ട്രേഷനോട് കൂടിയാണ് കേക്ക് നിർമ്മാണം എന്നതിനാൽ ഉപഭോക്താക്കൾക്കും നൂറുശതമാനം സംതൃപ്തിയാണ് .കൃത്യനിഷ്ഠയിലും ഷെജിക്ക് നിർബന്ധമുണ്ട് .അതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെയെന്ന് ഷെജി പറയുന്നു .
ഏതായാലും കേക്ക് ആൻഡ് ബേക് എന്ന നാമധേയത്തിൽ ഷെജി തുടങ്ങി വച്ച കേക്ക് വിപണനം ഉപഭോക്താക്കളിലെ വിശ്വാസ്യത പിടിച്ചുപറ്റി കഴിഞ്ഞു .