കൊല്ലം :ഡി സി സി ,ബ്ലോക്ക് ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് പതിനഞ്ചാം തീയതിയിലേക്ക് മാറ്റിവച്ച് കെ പി സി സി നേതൃത്വം .കൊല്ലം ,പത്തനംതിട്ട ജില്ലകളിൽ നിന്നും വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം 10 ൽ നിന്നും 15 ലേക്ക് മാറ്റിയത് .കൊല്ലം ജില്ലയിൽ നിന്നും ഉയർന്നതാകട്ടെ ഗുരുതരമായ ആരോപണങ്ങളും
ബ്ലോക്ക് പ്രസിഡന്റ് ആകുന്നതിന് വേണ്ടി ജാതി തിരുത്തി
ജില്ലയിൽ നിന്നും ഉയർന്ന പ്രധാനപരാതികളിൽ ഒന്ന് പത്തനാപുരത്തുനിന്നുമാണ് .ബ്ലോക്ക് പ്രസിഡന്റ് ആകുന്നതിനുവേണ്ടി പിറവന്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു കോൺഗ്രസ്സ് പ്രവർത്തകൻ ജാതി തിരുത്തി നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചത് മുതിർന്ന കോൺഗ്രസ്സ് നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ് .
നേരുത്തെ കൊടിക്കുന്നിൽ സുരേഷിന്റെ ജാതി സർട്ടിഫിക്കറ്റ് വിഷയം ഉയർത്തിക്കൊണ്ടുവന്ന കോൺഗ്രസ്സിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.കോൺഗ്രസ്സ് നിയന്ത്രണത്തിലുണ്ടായിരുന്ന പിടവൂർ സർവീസ് സഹകരണ ബാങ്കിൽ ,കെ പി സി സി ,ഡി സി സി നേതൃത്വത്തിന്റെ നിർദ്ദേശം മറികടന്ന് അവിശ്വാസം അവതരിപ്പിച്ചതും ഇതേ ലോബിയാണെന്നാണ് ആരോപണം ഉയരുന്നത് .
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്റ് സ്ഥാനം വാഗ്ദാനം ചെയ്ത് ചിലർ കോൺഗ്രസ്സ് കാരനായ ഒരു കോൺട്രാക്ടറിൽ നിന്നും പണം കൈപറ്റിയതായ ആക്ഷേപവും കെ പി സി സി നേതൃത്വത്തിന് മുന്നിൽ എത്തിയിട്ടുണ്ട് .
ഡി സി സി ഭാരവാഹികളാകുന്നതിനായി പത്തനാപുരത്ത് നിന്നും എത്തിയ ജംബോ പട്ടികയും നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട് .ഗ്രൂപ്പുകൾക്ക് അതീതമായി ആരെയും നിർദേശിക്കാൻ കഴിയാതെ പോയതും ഡി സി സിക്ക് തലവേദനായാകും .
ഒളിഞ്ഞും തെളിഞ്ഞും കുട്ടിനേതാക്കൾ വരെ ഭാരവാഹികളാകാൻ രംഗത്ത് വന്നപ്പോൾ പലരുടെയും തട്ടിപ്പുകളും വെട്ടിപ്പുകളും കെ പി സി സി നേതൃത്വത്തെ ബോധ്യപ്പെടുത്തുവാൻ സ്വന്തം പാർട്ടിക്കാർക്ക് തന്നെ കഴിഞ്ഞു .
പത്തനംതിട്ടയിലും സമാനമായ സ്ഥിതിയാണ് .ആരുമായും ആലോചിക്കാതെ കെ പി സി സി ജെനറൽ സെക്രട്ടറി പഴകുളം മധു വിന്റെ നേതൃത്വത്തിൽ വെട്ടിനിരത്തൽ നടന്നുവെന്നതാണ് ആക്ഷേപം .ഇതിനെതിരെയും പരാതി കെ പി സി സി ക്ക് ലഭിച്ചിട്ടുണ്ട് .അർഹരായവരെ ഒഴിവാക്കി വേണ്ടപ്പെട്ടവരെ പാർട്ടിസ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള നേതാക്കളുടെ കൊണ്ടുപിടിച്ച ശ്രമങ്ങൾക്കെതിരെ പാർട്ടിയിൽ പൊട്ടിത്തെറിക്കും സാധ്യത ഏറെയാണ് .
കൊല്ലത്തു മുൻപ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന ജി രതികുമാറുമായി അടുത്ത ബന്ധമുള്ള ചില കോൺഗ്രസ്സ് നേതാക്കൾ സിപിഎമ്മിൽ ചേരുമെന്ന അഭ്യൂഹവും വ്യാപകമാണ് .പത്തനാപുരം പിറവന്തൂർ പഞ്ചായത്തുകളിലെ ചില കോൺഗ്രസ്സ് നേതാക്കൾക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് പിറവന്തൂർ പഞ്ചായത്തിലെ തന്നെ ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവ് ,കെ പി സി സി പ്രസിഡന്റിനും ,പ്രതിപക്ഷനേതാവിനും പരാതിയും നൽകിയിട്ടുണ്ട് .