റിപ്പോർട്ട് :വി വി ഉല്ലാസ്‌രാജ്
കല്ലമ്പലം നാവായ്കുളത്ത് ബൈക്കിടിച്ച് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയടക്കം രണ്ട് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്തയിൽ.
കിളിമാനൂർ:നാവായിക്കുളം ഇരുപത്തിയെട്ടാംമൈലിന് സമീപം പൈവേലിക്കോണത്ത് ബൈക്ക് അപകടത്തിൽ എസ്എഫ്ഐ മേഖലാ സെക്രട്ടറിയും കാൽനടയാത്രികനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനായ എസ്എഫ്ഐ നാവായിക്കുളം മേഖലാ സെക്രട്ടറിയും യു.ഐ.റ്റിയിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ നാവായിക്കുളം പൈവേലിക്കോണം കൃഷ്ണകൃപയിൽ ഉണ്ണികൃഷ്ണൻ മിനി ദമ്പതികളുടെ മകൻ ഉമേഷ് കൃഷ്ണ (20) കാൽ നടയാത്രികൻ പൈവേലിക്കോണം രമമന്ദിരത്തിൽ സുരേഷ് (69) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.45ഓടെ നാവായിക്കുളം പൈവേലിക്കോണത്തായിരുന്നു നാടിനെ നടുക്കിയ അപകടം.
ഒരു വിവാഹത്തിന് പങ്കെടുത്ത് ബൈക്കിൽ മടങ്ങുകയായിരുന്ന ഉമേഷ്കൃഷ്ണയും സുഹൃത്തും പൈവേലിക്കോണത്ത് വെച്ച് ശക്തമായ മഴയിൽ ബൈക്കിന്റെ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചുവീണാണ് ഉമേഷ്കൃഷ്ണക്കും സുരേഷിനും ഗുരുതര പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉമയാണ് മരിച്ച ഉമേഷ് കൃഷ്ണയുടെ സഹോദരി. കല്ലമ്പലത്തെ ഒരു ടെക്സ്റ്റയിൽ ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച സുരേഷ്. കട അടച്ച ശേഷം വീട്ടിലേയ്ക്ക് നടന്ന് പോകുമ്പോഴായിരുന്നു അപകടം. ഭാര്യ ഗിരിജ മക്കൾ ശാലിനി അമിത.മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കല്ലമ്പലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.