കൊല്ലം :ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ വിശ്വസ്തനായ പി രാജേന്ദ്രപ്രസാദ് എത്തിയതോടെ ,ജില്ലയിലെ ഉമ്മൻചാണ്ടി പക്ഷക്കാർ ഒന്നടങ്കം കൊടിക്കുന്നിൽ സുരേഷിന് പിന്നിൽ അണിനിരക്കുന്നു .കൊട്ടാരക്കര പത്തനാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഒരു കൂട്ടരാണ് കൊടിക്കുന്നിൽ സുരേഷിന് പിന്തുണ അറിയിച്ചിരിക്കുന്നത് .
ഇതോടെ ഉമ്മൻചാണ്ടി പക്ഷത്തിന് മുൻതൂക്കം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന എ ഗ്രൂപ്പിന് കൊടികുന്നിലിന് മുന്നിൽ അണിനിരക്കേണ്ടി വരും .വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ നിന്നും കൊടിക്കുന്നിൽ സുരേഷ് മത്സരിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് ,തന്റെ വിശ്വസ്തനെ ഡി സി സി അധ്യക്ഷനാക്കിയതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
പത്തനാപുരത്ത് നിന്നുമാണ് ഉമ്മൻചാണ്ടി പക്ഷത്തെ കൂടുതൽ നേതാക്കൾ കൊടിക്കുന്നിൽ സുരേഷിന് ഒപ്പം നിലയുറപ്പിക്കുവാൻ രഹസ്യമായി തീരുമാനം എടുത്തിട്ടുള്ളത് .ഇതിന് പകരമായി മേഖലയിൽ നിന്നും ഇരുപതോളം പേർക്ക് ഡി സി സി ഭാരവാഹിത്വവും നൽകുമെന്നാണ് സൂചനകൾ .
പത്തനാപുരം മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് അംഗമുൾപ്പെടെ പിടിവലി നടത്തുമ്പോൾ ,ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ കരുനീക്കം നടത്തുന്നതായാണ് വിവരം .എന്നാൽ പരസ്യമായി പ്രതികരിക്കാൻ പ്രാദേശിക നേതാക്കൾ തയാറായിട്ടില്ല .
അതേസമയം ,കൂടെ നിൽക്കുന്നവരെ ചേർത്തു നിർത്തി പരമാവധി പേർക്ക് ഡി സി സി സ്ഥാനങ്ങൾ നൽകാനാണ് കൊടികുന്നിലിന്റെ ശ്രമം .ഇതിൽ 70% വിജയം കൈവരിച്ചുവെന്ന് കൊടിക്കുന്നിൽ ക്യാമ്പുകളും വിശ്വസിക്കുന്നത് .