തിരുവനന്തപുരം• സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരം യഥാർഥത്തിൽ ഉദ്യോഗാർഥികളുടെ താൽപര്യത്തിനു വിരുദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു ഉദ്യോഗാർഥികൾ മനസിലാക്കണം. സർക്കാരിനെതിരെയുള്ള എല്ലാ അപവാദ പ്രചരണങ്ങളും പൊളിഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
റാങ്ക് ലിസ്റ്റിലുള്ള മുഴുവൻപേർക്കും നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ മുൻ മുഖ്യമന്ത്രി തന്നെ പിന്തുണച്ചു രംഗത്തു വരുന്നത് ആശ്ചര്യകരമാണ്. ജോലി ലഭിക്കണമെന്ന് ഉദ്യോഗാർഥികൾക്ക് ആഗ്രഹം കാണും. അതുവച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നത് കുത്സിത പ്രവർത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിൻറെയും യുഡിഎഫ് സർക്കാരിന്റെയും കാലത്തുനടന്ന നിയമനങ്ങൾ മുഖ്യമന്ത്രി അക്കമിട്ടു നിരത്തി.