കെ പി സി സി യുടെ പ്രചാരണ വിഭാഗം അധ്യക്ഷൻ കെ മുരളീധരൻ നയിക്കുന്ന സംരക്ഷണ പദയാത്രയിൽ വേണ്ടത്ര ജനപങ്കാളിത്തം ഇല്ലാതെ പോയതിൽ മുരളീധരന് അമർഷം .തെക്കൻ മേഖലാ ജാഥയിൽ പങ്കെടുക്കുന്ന പ്രവർത്തകരുടെ എണ്ണത്തിലെ കുറവും ഗ്രൂപ്പിസത്തിന്റെ പുതിയ പോർമുഖം തുറന്നു കാട്ടുന്നതാണ് .
തിരുവനന്തപുരം ജില്ലയിൽ കാഴ്ചവച്ച പ്രകടനം കൊല്ലത്തെത്തിയതോടെ നിറം കെടുന്നതായി .കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പിടിപ്പുകേടായി ഇതിനെ ചൂണ്ടി കാട്ടുന്നവർ ഏറെയാണ്.ഡി സി സി അധ്യക്ഷ അഡ്വ :ബിന്ദു കൃഷ്ണ യുടെ പ്രവർത്തനങ്ങളോട് അമർഷമുള്ള കോൺഗ്രസ് നേതാക്കളും ,മഹിളാ കോൺഗ്രസ് നേതാക്കളും പൂർണമായും പരിപാടിയിൽ പങ്കെടുക്കുന്നുമില്ല .വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള തട്ടിക്കൂട്ട് പരിപാടിയാണ് ബിന്ദു കൃഷ്ണ ആസൂത്രണം ചെയുന്നതെന്നും ആരോപണമുണ്ട് .
സംരക്ഷണ പദയാത്രയുടെ പ്രചാരണം ബൂത്തുകളിലേക്ക് എത്തിക്കുന്നതിൽ ഡി സി സി നേതൃത്വം പരാജയപ്പെട്ടതും ചിലർ ചൂണ്ടിക്കാട്ടുന്നു .ഏറ്റവും കൂടുതൽ ഡി സി സി ഭാരവാഹികൾ ഉള്ള കൊല്ലം ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് ശബരിമല വിഷയത്തിൽ നടത്തുന്ന സംരക്ഷണ പദയാത്രയിൽ വേണ്ടത്ര ജന വിശ്വാസം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല .
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു പാർട്ടി നേതൃത്വത്തിന്റെ പ്രതിഷേധം ഏറ്റുവാങ്ങിയ ബിന്ദു കൃഷ്ണയുടെ നടപടിയോടുള്ള അമർഷമായാണ് പദയാത്രയുടെ പരാജയത്തെയും ചൂണ്ടി കാണിക്കപ്പെടുന്നത് .ഇന്ന് ഏനാത്ത് സമാപിക്കുന്ന പദയാത്രയിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുകയാണ് .എന്നാൽ എത്രപേർ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇനിയും നേതൃത്വത്തിന് വ്യക്തമായ ധാരണയില്ല .