ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ തീവ്ര ശ്രമമാണ് ഇന്ന് കേരളത്തിൽ നടമാടുന്ന പ്രശ്നങ്ങൾക്ക് കാരണം .സുപ്രീം കോടതി വിധി വന്നയുടൻ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കാതെ അത് എങ്ങനെ നടപ്പിലാക്കാം എന്ന വക്ര ബുദ്ധിയാണ് ഇന്നത്തെ പ്രശ്നങ്ങൾക്ക് ആധാരം .
ഇതിനു മുൻപും സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ള പല വിധികളും നമ്മൾ കണ്ടതാണ് .അപ്പോഴൊന്നും കാട്ടാത്ത ഒരു അമിത താല്പര്യം സുപ്രീം കോടതി വിധി മറച്ചുപിടിച്ച് ശബരിമല വിഷയത്തിൽ കാണിക്കുന്നത് എന്തിനാണ് .ലക്ഷ കണക്കിന് വരുന്ന വിശ്വാസ സമൂഹത്തെ മാത്രമല്ല, കേരളത്തിലെ മത സൗഹാർദ്ദത്തെ തന്നെ ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു .
ഓരോ വിശ്വാസിയും അവരവരുടെ വിശ്വാസങ്ങൾ മുറുകെ പിടിക്കുമ്പോൾ ,ആ വിശ്വാസത്തെ കാത്തു സൂക്ഷിക്കുവാൻ വിശ്വാസികൾക്ക് സംരക്ഷണം നൽകേണ്ടവരാണ് സർക്കാർ .ഇടത് മുന്നണി കേരളം ഭരിക്കുമ്പോൾ അത് കോൺഗ്രസിനും ,ബിജെപി ക്കും ഒരു പോലെ പ്രയാസമുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാകാറുണ്ട് .അത് സ്വാഭാവികം മാത്രം .പക്ഷെ അതിന്റെ മറവിൽ രാഷ്ട്രീയം കളിക്കുന്നത് തീർത്തും അപലപനീയമാണ് .

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ കേരളത്തിലെ എൽ ഡി എഫ് സർക്കാരിന് എന്ത് ലാഭം കൊയാനാണ് .വിശ്വാസ സമൂഹം ഉയർത്തുന്നതുപോലെ വിധിക്കെതിരെ സർക്കാരിന് പുനഃ പരിശോധന ഹർജി നൽകിയാൽ മാനം ഇടിഞ്ഞു വീഴുകയില്ല .ഇത് സർക്കാരിനും അറിയാം .എന്നിട്ടും ഈ വിഷയത്തിൽ സർക്കാരിന് ഒരു പ്രത്യേക അജണ്ട ഇല്ലേ എന്ന് ആരും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനും കഴിയില്ല .
ഈ വിധിയിലൂടെ കേരളത്തിൽ സിപിഎമ്മും ,കോൺഗ്രസ്സും ,ബിജെപി യും അവരവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുറുകെ പിടിക്കുകയാണ് .ആര് വളരും ആര് തളരും എന്ന ചിന്താഗതി .പക്ഷെ വിശ്വാസികളെ ഏകോപിപ്പിച്ച് ചില ഹൈന്ദവ സംഘടനകൾ നടത്തുന്ന പ്രതിഷേധം നമ്മുടെ മതേതര സംസ്കാരത്തെ ചോദ്യം ചെയപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട .സർക്കാർ പുനഃ പരിശോധന ഹർജി നൽകണമെന്ന് ആവശ്യമുയർത്തുന്ന ബിജെപി എന്തെ കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിലേക്ക് ഈ വിഷയം അവതരിപ്പിക്കാത്തത് .ലക്‌ഷ്യം രാഷ്ട്രീയം തന്നെ .
സംസ്ഥാന സർക്കാരോ ,കേന്ദ്രമോ ഇടപെട്ടാൽ തീരുന്നതേ ഉള്ളു ഇപ്പോഴത്തെ പ്രശ്നം .അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഇതിന് പരിഹാരം കാണണം .വിശ്വാസികളെ തെരുവിൽ ഇട്ട് തല്ലിയ ശേഷം അവസാനം കൊണ്ട് പ്രശ്നം ഒത്തുതീർപ്പിലെത്തിക്കുന്ന നടപടി ഒഴിവാക്കണം .രാഷ്ട്രീയ ലക്‌ഷ്യം മാറ്റിവച്ച് ഒരു “റിവ്യൂ ഹർജി “കൊണ്ട് ഒഴിവാക്കേണ്ട ശബരിമല വിഷയം ആർക്കും എരിതീയിൽ എണ്ണ ഒഴിക്കുവാനുള്ള പാത്രമാകരുത് .