“പഞ്ച് മോദി ചലഞ്ച് “അക്രമത്തിലേക്ക് വഴിമാറുന്നു  . അഞ്ചലിൽ   അറസ്റ്റിലായ പാര്‍ട്ടി മണ്ഡലം സെക്രട്ടറിയുടെ പേരില്‍ ചുമത്തിയ വധശ്രമക്കേസ് ഒഴിവാക്കാന്‍ സി.പി.ഐ. പന്ത്രണ്ട് മണിക്കൂര്‍ പുനലൂർ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സംഘര്‍ഷത്തിനും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സെക്രട്ടറിയുടെ പേരില്‍ ചുമത്തിയ വധശ്രമക്കേസ് ഒഴിവാക്കി പകരം, ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിച്ചെന്നതുള്‍പ്പടെയുള്ള കേസ് ചുമത്തി. പുലർച്ചെ മുതൽ പന്ത്രണ്ട് മണിക്കൂർ നീണ്ട ഉപരോധസമരത്തിന് പരിഹാരം കാണാൻ ഒടുവിൽ മന്ത്രി കെ രാജുവും  ഇടപെട്ടു .

സിപിഐ നേതാക്കൾ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു

  സി.പി.ഐ.അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെയാണ് വധശ്രമത്തിനുള്ള വകുപ്പ് ഒഴിവാക്കി കേസെടുത്ത് റിമാന്‍ഡ് ചെയ്തത്. പുനലൂര്‍ പോലീസ് സ്‌റ്റേഷനില്‍, മണിക്കൂറുകൾ  നീണ്ട സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്ക് ശേഷമായിരുന്നു നേതാക്കളുടെ പിടിവാശിക്ക് മുന്നിൽ പോലീസ് മുട്ടു മടക്കിയത് .

   കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചലില്‍ സി.പി.ഐ.യും ബി.ജെ.പി.യും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ പുനലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസിനും സിവില്‍ ഓഫീസര്‍ വിനീതിനും സാരമായി പരിക്കേറ്റ സംഭവത്തെത്തുടര്‍ന്നായിരുന്നു ലിജു ജമാലിനെ പോലീസ് അറസ്‌റ്റ് ചെയ്‍തത് .

അറസ്റ്റിലായ ലിജു ജമാൽ

എ.ഐ.എസ്.എഫ്. സംസ്ഥാന വ്യാപകമായി നടത്തിയ പഞ്ച് മോദി ചലഞ്ചിന്റെ ഭാഗമായി അഞ്ചലില്‍ ചൊവാഴ്ച്ച  രാവിലെ നടന്ന പ്രചരണത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ചലഞ്ച് തടയാന്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ശ്രമിച്ചത് ഇരുകക്ഷികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടയാക്കി. ഇതില്‍ പ്രതിഷേധിച്ച് വൈകിട്ട് സി.പി.ഐ.യും ബി.ജെ.പി.യും അഞ്ചലിൽ നടത്തിയ പ്രകടനം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനിടയിലുണ്ടായ കല്ലേറിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്.

   സംഭവത്തിന് ശേഷം ചൊവാഴ്ച്ച അര്‍ദ്ധരാത്രിയോടെ അഞ്ചലില്‍ നിന്നും ലിജുവിനെ അറസ്റ്റ് ചെയ്ത് പുനലൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞ് എത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുലര്‍ച്ചെ രണ്ടുമണിയോടെ സ്‌റ്റേഷന്‍ ഉപരോധിക്കാന്‍ തുടങ്ങി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍, മുന്‍ എം.പി. ചെങ്ങറ സുരേന്ദ്രന്‍, മുന്‍ എം.എല്‍.എ. പി.എസ്.സുപാല്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാൽ  ഉള്‍പ്പടെയുള്ള നേതാക്കളാണ് ഉപരോധം നയിച്ചത്.

    റൂറല്‍ പോലീസ് മേധാവി ബി.അശോകന്‍, പുനലൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് എം.അനില്‍കുമാര്‍ എന്നിവരുമായി മണിക്കൂറുകള്‍ നീണ്ട ചർച്ച നടത്തിയെങ്കിലും പോലീസ് ഒത്തുതീർപ്പിന് വഴങ്ങിയില്ല .ഒടുവിൽ പുനലൂർ എം എൽ എ യും മന്ത്രിയുമായ കെ രാജു ഇടപെട്ടതോടെ യാണ് വധശ്രമക്കേസ് ഒഴിവാക്കാൻ പോലീസ് തയാറായത് .തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉപരോധം അവസാനിച്ചത്. പുനലൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ലിജുവിനെ അടുത്തമാസം മൂന്നുവരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു .