മന്ത്രി ടൂറ് പോയാലും പ്രശ്നമല്ല  റോഡ് ഞങ്ങൾക്ക് അത്യാവശ്യമാണല്ലോ ? ചോദ്യം ജർമ്മൻ യാത്ര പോയ മന്ത്രി കെ രാജുവിന്റെ മണ്ഡലത്തിൽ നിന്ന് തന്നെ .മന്ത്രിയുടെയും വനംവകുപ്പിന്റെയും അവഗണനക്കിടെ നാട്ടുകാർ കൈകോർത്തതോടെ മലയോര റോഡ് ഗതാഗതയോഗ്യമായി.

ബസ് സർവീസുകളും പുനരാരംഭിച്ചു.സ്ഥലം എം എൽ എ യും വനം മന്ത്രിയുമായ കെ.രാജുവിന്റെ നിയോജക മണ്ഡലമായ പുനലൂർ റോസ് മലയിലെ മുന്നൂറോളം കുടുംബങ്ങളാണ് മഴയിൽ റോഡ് തകർന്ന് ഒറ്റപ്പെട്ടിരുന്നത്.ഇതൊന്നും മന്ത്രി രാജു അറിഞ്ഞിരുന്നില്ല  . 

കനത്ത മഴയിൽ റോഡ് തകർന്നതോടെ ഒറ്റപ്പെട്ട റോസ്മല നിവാസികളാണ് ഒത്തൊരുമിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയത്. ആര്യങ്കാവിൽ നിന്നും റോസ് മലയിലേക്കുള്ള വനം വകുപ്പ് അധീനതയിലുള്ള ഏഴ് കിലോമീറ്റർ റോഡിൽ ടാറിംഗ് നടത്താത്ത അഞ്ച് കിലോമീറ്റർ റോഡ് തകർന്നിരുന്നു.ഇതോടെ ബസ് സർവീസും വാഹന ഗതാഗതവും നിലച്ചതോടെയാണ് മലകൾക്കു നടുവിലെ റോസ്മല നിവാസികൾ ഒറ്റപ്പെട്ടത്.

കഴിഞ്ഞ രണ്ടു മൂന്ന് ദിവസമെടുത്താണ് ജനകീയ കൂട്ടായ്മയിൽ നാട്ടുകാർ ചേർന്ന് റോഡിൽ കല്ലും മണ്ണും ഇട്ട് താത്കാലികമായി ഗതാഗത യോഗ്യമാക്കിയത്. വനം വകുപ്പ് അധികൃതരോട് പറഞ്ഞിട്ടും അവഗണന തുടർന്നതോടെയാണ് മലയോരവാസികളായ നാട്ടുകാർ ഒത്തുകൂടിയത് .ആര്യങ്കാവിലൂടെയാണ് യാത്രയെങ്കിലും തെന്മലഡാം റിസർവോയറിന് വശത്തെ മലയോരമായ റോസ്മല ഗ്രാമം കുളത്തുപ്പുഴ പഞ്ചായത്തിലാണ്.ഇവിടെ വൈദ്യുതിയെത്തിയത് പോലും അടുത്തിടെയാണ്. റോസ്മല നിവാസികളുടെ ദുരിതങ്ങൾക്ക് അറുതി വരുത്തുവാൻ ജനപ്രതിനിധികൾ അടിയന്തിര നടപടികളെടുക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട് .മന്ത്രി കെ രാജുവിന്റെ മണ്ഡലത്തിലെ നാശ നഷ്ടങ്ങൾ വിലയിരുത്തുന്നതിൽ അധികൃതർ പരാജയപെട്ടെന്നാണ് നാട്ടുകാരുടെ ആരോപണം