ഒടുവിൽ സി പി എം നിലപാട് മാറ്റി യതോടെ ഗ്രാമപഞ്ചായത്ത് ഭരണ സാരഥ്യത്തിലേക്ക് ലതാ സോമരാജന് അംഗീകാരം .കൊല്ലം ജില്ലയിലെ പിറവന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഏറെ നാളുകളായി തർക്കം നിലനിന്നിരുന്നു .

മുന്നണി ധാരണ പ്രകാരം ആദ്യ രണ്ടര വർഷം സി പി ഐ ക്ക് ആയിരുന്നു പ്രസിഡന്റ് സ്ഥാനം .സി പി ഐ യിലെ ശശികലയുടെ പ്രസിഡന്റ് സ്ഥാനത്തെ കാലവധി അവസാനിച്ചതോടെ അടുത്ത ഊഴം സി പി എമ്മിന് ആയിരുന്നു .എന്നാൽ ആരെ പ്രസിഡന്റ് ആക്കുമെന്നതിനെ ചൊല്ലി പാർട്ടിക്കുള്ളിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു .

സീനിയർ പാർട്ടി അംഗവും രണ്ടുപ്രാവശ്യം ഗ്രാമപ്പഞ്ചായത്ത് അംഗവും ആയിരുന്ന ലതാ സോമരാജനെ ഒഴിവാക്കി പാർട്ടിയിലും പഞ്ചായത്ത് ഭരണസമിതിയിലും ജൂനിയർ ആയുള്ള പ്രതിനിധികളെ പഞ്ചായത്ത് പ്രസിഡൻറ് ആക്കാൻ പാർട്ടിയിലെ ചില നേതാക്കൾ ചരടുവലി നടത്തിയിരുന്നു. ചാച്ചിപ്പുന്ന വാർഡിനെ പ്രതിനിധീകരിച്ച് രണ്ടുപ്രാവശ്യം ഗ്രാമപഞ്ചായത്ത് അംഗമായിട്ടുള്ള ലതാ സോമരാജനെ ഒഴിവാക്കി ജൂനിയർ അംഗങ്ങളായ പുന്നല വാർഡ് മെമ്പർ അമ്പിളി രാജീവ് , പാവുമ്പ വാർഡ് മെമ്പർ സുധാ വസന്തൻ എന്നിവരെ പ്രസിഡൻറ് ആക്കാനുള്ള ശ്രമമാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്
പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവുമായി ബന്ധപ്പെട്ട ശക്തമായ ചേരിതിരിവാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശികതലത്തിൽ രൂപപ്പെട്ടിരുന്നു .എന്നാൽ സിപിഎമ്മിന്റെ ജില്ലാ ഘടകവും മുതിർന്ന നേതാക്കളും ലതാ സോമരാജന് വേണ്ടി ശക്തമായ നിലപാടെടുത്തതോടെ പ്രാദേശിക നേതൃത്വത്തിനു ലതാ സോമരാജനെ പിന്തുണക്കേണ്ടി വന്നു.വിഭാഗീയത മുതലെടുത്ത് ഭരണം പിടിക്കാൻ കോൺഗ്രസും അണിയറ നീക്കം നടത്തിയിരുന്നു.
കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയും,മുസ്ലിം ലീഗ് പ്രതിനിധിയും, കോൺഗ്രസിന്റെ 6 അംഗങ്ങളും ചേർന്ന് ബിജെപിയിലെ രണ്ട് അംഗങ്ങളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനായിരുന്നു കോൺഗ്രസ് നീക്കം . ഇതിന് എൽ ഡി എഫിലെ ചില പഞ്ചായത്തംഗങ്ങളുടെ രഹസ്യ പിന്തുണ ഉണ്ടായിരുന്നതായാണ് അറിയുന്നത്. പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്ന കാലം മുതൽ തന്നെ സിപിഐയും സിപിഎമ്മും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല. ബിജെപിയുടെ ജില്ലാ നേതാക്കൾ ബിജെപി അംഗങ്ങളായ ചേകം വാർഡിനെ പ്രതിനിധീകരിക്കുന്ന S നിഖിലിനേയും കമുകുംചേരി വാർഡിനെ പ്രതിനിധീകരിക്കുന്ന കൃഷ്ണകുമാരിയെയും നേരിൽ വിളിച്ച് കോൺഗ്രസിന് പിന്തുണ നൽകരുതെന്ന് താക്കീത് ചെയ്തതിനെത്തുടർന്നാണ് ബിജെപി പ്രതിനിധികൾ കോൺഗ്രസിനെ പിന്തുണയ്ക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറിയത്
ഇതോടെ പിറവന്തൂർ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചടക്കാനുള്ള കോൺഗ്രസിൻറെ അണിയറനീക്കം പരാജയപ്പെടുകയായിരുന്നു.പിറവന്തൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ചായിരുന്നു വോട്ടെടുപ്പ് നടന്നത് .മുഖ്യ വരണാധികാരിയും പുനലൂർ അസിസ്റ്റൻറ് രജിസ്റ്ററുമായ എസ് ലില്ലിയുടെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടപടികളും വോട്ടെടുപ്പും നടന്നത് .മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് ശശികല തന്നെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ലതാ സോമരാജന്റെ പേര് നിർദ്ദേശിച്ചത് .കിഴക്കേമുറി വാർഡ് മെമ്പർ മഞ്ജു D നായർ പിൻതാങ്ങി .ചിയോട് പതിനൊന്നാം വാർഡ് പ്രതിനിധിയും കോൺഗ്രസ് നേതാവുമായ ഷേർലി ഗോപിനാഥ് ആയിരുന്നു എതിർസ്ഥാനാർത്ഥി. ഷേർലി ഗോപിനാഥിന് 8 വോട്ടും ലതാ സോമരാജന് 11 വോട്ടും ലഭിച്ചു ബിജെപി പ്രതിനിധികളായ എസ് നിഖിൽ ,കൃഷ്ണകുമാരി എന്നിവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഗ്രാമപഞ്ചായത്ത്
അങ്കണത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലും സ്വീകരണ പരിപാടിയിലും അനുമോദനയോഗത്തിലും പ്രമുഖർ പങ്കെടുത്തു .
സ്വീകരണയോഗം പത്തനാപുരം കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ B അജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഷീദ് ചെമ്പനരുവി അധ്യക്ഷത വഹിച്ചു .സിപിഎം ഏരിയ സെക്രട്ടറി എൻ ജഗദീശൻ ,മീരാ പിള്ള, സിപിഐ നേതാവ് കെ വാസുദേവൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് സജീഷ് , പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച് നജീബ് മുഹമ്മദ് , കറവൂർ L വർഗീസ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മാരായ R സോമരാജൻ , ശ്രീനിവാസൻ ,മധു , കേരള കോൺഗ്രസ് നേതാക്കളായ കോട്ടാത്തല പ്രദീപ്, ബാബു C ജോർജ്, ഡിവൈഎഫ്ഐ നേതാവ് രതീഷ് ചേകം എന്നിവർ ആശംസകളർപ്പിക്കുകയും ഹാരാർപ്പണം നടത്തുകയും ചെയ്തു. എൽ ഡി എഫ് നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനത്തോടെയാണ് ചടങ്ങുകൾ പര്യവസാനിച്ചത്