ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്ന പെരിയാറിലൂടെ കുട്ടി ആനയുടെ ജഡം ഒഴുകിപ്പോയി. വൈകിട്ടോടെയാണ് ആലുവ – പെരുമ്പാവൂർ മഞ്ഞ പെട്ടി പാലത്തിന് സമീപം നാട്ടുകാരാണ് ആനയുടെ ജഡം ഒഴുകി വരുന്നത് കണ്ടത്.

വിവരം അറിഞ്ഞ് നിമിഷ നേരം കൊണ്ട് പാലത്തിന്റെ ഇരുകരയും ജനങ്ങളെ കൊണ്ട് നിറഞ്ഞു. വനപാലകരെ വിവരമറിയച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തിയെങ്കിലും ശക്തമായ ഒഴുക്കിൽ കാഴ്ചക്കാരായി നിൽക്കാനെ അവർക്കും കഴിഞ്ഞുള്ളു.

ജഡം എവിടെയെങ്കിലും തടഞ്ഞാൽ കരക്കടുപ്പിക്കാം എന്ന തീരുമാനത്തിൽ ആലുവ വരെ വനപാലകർ നിരിക്ഷിച്ച് വന്നെങ്കിലും എങ്ങും തടയാതെ ഒഴുകി പോകുകയായിരുന്നു. ശക്തമായ ഒഴുക്കായതിനാൽ വഞ്ചിയോ ബോട്ടോ ഇറക്കാൻ ആരും തയ്യാറായില്ലന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടമ്പുഴയിൽ നിന്നാകാം ആന ഒഴുക്കിൽ പെട്ടത് എന്നാണ് നിഗമനം സാധാരണ ഭൂതത്താൻകെട്ട് ഡാം അടഞ്ഞ് കിടക്കുന്ന സമയത്ത് ഡാമിൽ തങ്ങും.എന്നാൽ മഴ ശക്തമായതോടെ ഡാമിന്റെ ഷട്ടർ ഉയർത്തിയിരിക്കുന്നതിനാലാണ് ആലുവ ഭാഗത്തേക്ക് ആനയുടെ ജഡം ഒഴുകി പോന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. 6 മാസം പ്രായമായതിനാൽ കൊമ്പനാണൊ പിടിയാനയാണൊ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നതായും വനപാലകർ പറഞ്ഞു.ആലുവ കഴിഞ്ഞ് ഒഴുകിയ ജഡം വരാപ്പുഴ കായലിൽ എത്തിച്ചേരും.