കേരള രാഷ്ട്രീയം അഴിമതിയിൽ മുങ്ങി കുളിക്കുംബോഴും കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ നിന്നും വീശിയടിക്കുന്ന ആ തണുത്ത കാറ്റിന് സാധാരണക്കാരുടെയും ,തൊഴിലാളി വർഗത്തിന്റെയും വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു .എന്നും നേരിനൊപ്പം നിൽക്കണമെന്ന് തികഞ്ഞ കമ്മ്യൂണിസ്റ്റ്കാരനായ അച്ഛൻ ശ്രീധര കുറുപ്പ് പറഞ്ഞു തന്ന ആ വാക്കുകൾ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ ജനകീയത ഇത്രമേൽ ആഴത്തിലാകുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല അഡ്വ എസ് വേണുഗോപാൽ എന്ന യുവ നേതാവിന് .
കൊല്ലം ജില്ലയിലെ തലവൂർ ഗ്രാമപഞ്ചായത്തിൽ പനംപറ്റ വാർഡിൽ രാമമംഗലത്തു വീട്ടിൽ ശ്രീധരകുറുപ്പിന്റെയും രത്നമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി 1969 മെയ് 11 നാണ് വേണുഗോപാലിന്റെ ജനനം .ഗീത ,ഹരി എന്നിവർ സഹോദരങ്ങളാണ് .മഞ്ഞക്കാല ഗവ : എൽ പി എസ് ഇന്ദിരാഗാന്ധി മെമ്മോറിയൽ യു പി എസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു .അധ്യാപികയായിരുന്ന അമ്മ രത്നമ്മയുടെ ജോലി കാസർഗോട്ടേക്ക് മാറിയപ്പോൾ വേണുവും അങ്ങോട്ടേക്ക് പഠനം മാറ്റി .ആറാം തരവും ,ഏഴാം തരവും കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗവ സ്കൂളിൽ പൂർത്തിയാക്കി .റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ ജന്മസ്ഥലമാണ് ചെമ്മനാട് .സി പി ഐ ക്ക് ഏറെ സ്വാധീനമുള്ള ചെമ്മനാട്ടിൽ നിന്നും അങ്ങനെ വേണുവും രാഷ്ട്രീയത്തിലേക്ക് പിച്ചവച്ചു .സ്കൂൾ ലീഡർ ആയി മത്സരിച്ഛ് തന്റെ ആദ്യ വിജയം ആറാം ക്ലാസ്സിൽ കുറിച്ചു .
എട്ടാം ക്ലാസുമുതൽ വീണ്ടും ജന്മനാട്ടിലേക്ക് .പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈ സ്കൂളിലും , മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിലുമായി പഠനം .ബി എസ് സി മാക്‌സിൽ ബിരുദം .തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമ ബിരുദം .1988 ൽ എ ഐ എസ് എഫ് പത്തനാപുരം മണ്ഡലം സെക്രട്ടറിയായി .ഈ സമയത്താണ് പുനലൂർ മണ്ഡലവും ഉൾപ്പെട്ടിരുന്ന പത്തനാപുരം താലൂക്ക് കമ്മിറ്റി വിഭജിച്ച് പത്തനാപുരം മണ്ഡലം രൂപീകൃതമായത് .
1994 ൽ എ ഐ എസ് എഫ് കൊല്ലം ജില്ലാ സെക്രട്ടറി ആയി .തുടർന്ന് എ ഐ എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി .1995 ൽ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ആയിരിക്കെ പനംപറ്റ വാർഡിൽ നിന്നും അട്ടിമറി വിജയം .പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു പനംപറ്റ.1998 ൽ എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയി ,സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വളർന്നു വെങ്കിലും തന്റെ തട്ടകം ജന്മനാട്ടിൽ തന്നെ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം സാധാരണക്കാർക്കൊപ്പമാക്കിയ ജനകീയൻ .
എ ഐ എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ,സഹപ്രവർത്തകയുമായിരുന്ന കൊട്ടാരക്കര കരീപ്ര സ്വദേശി അഡ്വ .വി ആർ ബീനയെ ജീവിത സഖിയാക്കി 1999 ജൂലൈ 7 ന് കുടുന്പ ജീവിതം ആരംഭിക്കുംബോഴും രാഷ്ട്രീയത്തോട് വിടപറയുവാൻ വേണുവിനായില്ല .ഭാര്യ ബീനയും വേണുവിനൊപ്പം കൈകോർത്തപ്പോൾ രാഷ്ട്രീയ എതിരാളികൾക്കുപോലും സഹൃദയനായി മാറി വേണുഗോപാൽ .2000 ത്തിൽ കൊല്ലം എസ് എൻ കോളേജിൽ സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി പോലീസ് നരനായാട്ടിന് ഇരയായ വേണുഗോപാൽ കിഴക്കൻ മേഖലയിൽ എന്നും സിപിഐ ക്ക് ആവേശമായിരുന്നു .
കോൺഗ്രസിലെ സി ആർ നജീബ് നിലനിർത്തിയിരുന്ന ജില്ലാ പഞ്ചായത്തിലെ പത്തനാപുരം ഡിവിഷൻ തിരിച്ചു പിടിക്കുവാൻ ഇടതുമുന്നണി നിയോഗിച്ചതും വേണുഗോപാലിനെ .2005 ൽ നടന്ന തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിന്റെ പകുതിയിൽ കൂടുതൽ വോട്ടുകൾ നേടി തിളക്കമാർന്ന വിജയം .ഇടതു കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു വേണുവിന്റെ വിജയം .അടുത്ത ഊഴം തിരഞ്ഞെടുപ്പ് നടക്കുന്പോൾ ഡിവിഷൻ വനിതാ സംവരണമായി .വീണ്ടും സീറ്റ് യു ഡി എഫിൻറെ കൈകളിൽ . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് വീണ്ടും ജെനറൽ ആയി , മത്സരിക്കാൻ വേണുഗോപാലും .നഷ്ടപ്പെടുന്ന സീറ്റുകൾ തിരിച്ചുപിടിക്കാനുള്ള ദൗത്യം പാർട്ടി വേണുഗോപാലിനെ ഏൽപ്പിക്കുന്നത് പോലെയായി .അവിടെയൊക്കെ വിജയം വരിച്ചു .
ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരത്തിന്റെ കഴിഞ്ഞ വർഷം നടന്ന വാർഷിക പരിപാടിയിൽ മുഖ്യ അതിഥി ആയിരുന്നു അഡ്വ എസ് വേണുഗോപാൽ .
കഴിഞ്ഞ മാർച്ചിൽ മലപ്പുറത്ത് ചേർന്ന സി പി ഐ സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കൌൺസിൽ അംഗമായി തിരഞ്ഞെടുത്തു

.നിഷ്കളങ്കതയുടെ പ്രതീകം ,സൗമ്യമായ പെരുമാറ്റം ,എന്നും വേണുഗോപാലിനെ ജനകീയനാക്കിയത് രാഷ്ട്രീയത്തിലെ ഈ വ്യത്യസ്തത ആയിരുന്നു .ഇന്നിപ്പോൾ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ചുമതല നിർവഹിക്കുന്നു .ഭാര്യ അഡ്വ വി ആർ ബീന ഹൈസ്കൂൾ അധ്യാപികയും എ കെ എസ് ടി യു നേതാവുമാണ് .ഡിഗ്രി വിദ്യാർത്ഥി ഗൗരി യാണ് മകൾ .