സ്നേഹതീരത്തിൻറെ തണലിൽ നിന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷണൻറെ സാന്നിദ്ധ്യത്തിൽ മധ്യപ്രദേശ് പന്ന സ്വദേശി രാംരതി (42) ഉറ്റവരുടെ അടുക്കലേക്ക്. മൂന്ന് വർഷങ്ങൾക്ക് മുൻപ് നിലമേലിൽ ഒറ്റപ്പെട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ചടയമംഗലം പോലീസ് സ്നേഹതീരത്തിൽ എത്തിക്കുകയായിരുന്നു. ആദ്യം സംസാരിക്കുകയില്ലായിരുന്നുഎങ്കിലും സ്നേഹതീരത്തിൻറെ സ്നേഹപരിചരണങ്ങളുടെ ഭാഗമായി കിട്ടിയ വിവരങ്ങൾ അനുസരിച്ച് ആസ്പറിംഗ് ലീവ്സ് എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി അറിയിച്ചു. തുടർന്ന് മധ്യപ്ദേശിലെ പന്നയിൽ നിന്നും സഹോദരൻ കിഷോർ ലാൽ ചൌദരി സ്വദേശത്തേക്ക് കൂട്ടികൊണ്ട് പോകുന്നതിനായി സ്നേഹതീരത്ത് എത്തുകയായിരുന്നു.
സ്വകാര്യ സ്കൂളിൽ പാചകതൊഴിലാളി ആയി ജോലി ചെയ്തു വരികയായിരുന്നു രാംരതി വർമ്മ. 2013 ഡിസംബർ മുതലാണ് കാണാതാവുന്നത്. പലതരത്തിലുള്ള അന്വേഷണങ്ങൾ നാട്ടുകാരും ബന്ധുക്കളും നടത്തിയിട്ടും കണ്ടെത്താൻ സാധിച്ചില്ല. എല്ലാവരും മരണപ്പെട്ടതായി ആണ് വിശ്വസിച്ചിരുന്നത്. കഴിഞ്ഞ ജൂൺ മാസം 26 നായിരുന്നു ഏകമകൾ പൂജയുടെ വിവാഹം. അതിന് ശേഷമാണ് രാംരതി ജിവിച്ചിരിപ്പുണ്ടെന്ന് അറിയുന്നത്. വിവരം ലഭിച്ചതിനെ തുടർന്നാണ് സഹോദരങ്ങൾ സ്നേഹതീരത്ത് എത്തുകയായിരുന്നു. രകതബന്ധങ്ങളുടെ കൂടിചേരലിന് സാക്ഷ്യം വഹിക്കാൻ എത്തിയ തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷണനും സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിനും ചേർന്ന് രാംരതി വർമ്മയെ സഹോരങ്ങളെ ഏൽപ്പിച്ചു യാത്രയാക്കി. ചടങ്ങിൽ കാഷ്യു ഡവലപ്പ്മെൻറ് കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, എസ്.മുഹമ്മദ് അസ്ലം, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വിജയൻ, ആർ.പത്മഗിരീഷ്, സി.സജീവൻ, ആസ്പറിംഗ് ലീവ്സ് പ്രതിനിധികളായ നിതിൻ പോൾ, മനീഷ്, എ.എ.വാഹിദ് എന്നിവർ സംസാരിച്ചു.