പുനലൂർ: മക്കൾ വീട്ടിനുള്ളിൽ പൂട്ടിയിട്ട വൃദ്ധനായ പിതാവിൻറെ തലയിലെ മുറിവ് പുഴുവരിച്ച നിലയിൽ കണ്ടെത്തി. ഒരാഴ്ചയായി പട്ടിണിയിലായി അവശനായയാളെ നാട്ടുകാരുടെ സഹായത്തോടെ ജനമൈത്രി പോലീസെത്തി രക്ഷപെടുത്തി ആശുപത്രിയിലാക്കി.പുനലൂർ പത്തേക്കർ വാർഡിൽ ഉദയഭവനിൽ ഗോപാലക്കുറുപ്പി (84)നെയാണ് വീട്ടിനുള്ളിൽ പൂട്ടിയിട്ട നിലയിൽ നഗരസഭയിലെ ആശ വർക്കർമാർ കണ്ടെത്തിയത്.

ഇവർ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ കൗൺസിലർ ലളിതമ്മ ജനമൈത്രി എ.എസ്.ഐ.ഷെരീഫിനെ വിവരമറിയിച്ചു.ഷെരീഫിന്റെ നേതൃത്വത്തിൽ പോലീസെത്തി ഗോപാലക്കുറുപ്പിനെ പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. രണ്ട് ആൺമക്കളും ഒരു പെണ്ണും ഉൾപ്പെടെ മൂന്ന് മക്കളാണ് ഗോപാലക്കുറുപ്പിന് . മക്കൾ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് നാട്ടുകാരായിരുന്നു ആശ്രയം .
ഗുജറാത്തിൽ താമസക്കാരിയായ മകൾ അമ്പിളിക്ക് വീടും സ്ഥലവും എഴുതി നൽകിയതിനെ തുടർന്ന് മറ്റ്മക്കളായ ബാബുവും അജയനും ഇവിടെ നിന്നും മാറി താമസം തുടങ്ങി.സ്ഥലമെഴുതി വാങ്ങിയ മകളും സ്ഥലം വിട്ടതോടെ പിതാവ് പട്ടിണിയായി. ഇതിനിടെ തനിച്ചായ ഗോപാലക്കുറുപ്പ് വീടിന് പുറത്തേക്കിറങ്ങാൻ ശ്രമിക്കവേ ,കഴിഞ്ഞ ദിവസം മറിഞ്ഞു വീണ് തലമുറിഞ്ഞ് കിടപ്പിലായി .
വിവരമറിഞ്ഞെത്തിയ മക്കൾ പിതാവ് വെളിയിലിറങ്ങാതെ കതക് വെളിയിൽ നിന്ന് കയറിട്ട് കെട്ടിയിട്ട് കടന്നു. വീട് അടച്ചിട്ടിരിക്കുന്നത് കണ്ട നാട്ടുകാർ മക്കൾക്കൊപ്പം പോയെന്ന് കരുതി പിന്നെ ശ്രദ്ധിക്കാതെയുമായി. പത്തേക്കർ വാർഡിലെ ആശ വർക്കർമാരായ ശാന്തമ്മ ,ലൈല എന്നിവർ വീട്ടിലെത്തിയപ്പോൾ അകത്ത് നിന്ന് ഞരക്കവും മറ്റും കേട്ട് ജനാല വഴി നോക്കിയപ്പോഴാണ് അവശനിലയിലായ വൃദ്ധനെ കണ്ടെത്തിയത്. പോലീസ് മകൻ ബാബുവിനെ വിളിച്ച് വരുത്തി താക്കീത് നൽകിയ ശേഷം മറ്റ് മക്കളെ വിവരമറിയിച്ച് തുടർ ചികിത്സ ഏർപ്പാടാക്കാനും ബാബുവിനെ ചുമതലപ്പെടുത്തി.