പട്രോളിംഗിനെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ പിന്നിട് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം മാങ്കോട് മുള്ളൂര്‍നിരപ്പ് നബീല്‍ മന്‍സിലില്‍ ഷൗക്കത്തിന്റെ മകന്‍ നജീബി(40)നെയാണ് സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ ( എസ് എഫ് സി കെ )മുള്ളൂര്‍നിരപ്പ് അഞ്ചുമുക്ക് ഭാഗത്തെ റബർ തോട്ടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി മാങ്കോട് മുള്ളൂര്‍നിരപ്പ് റോഡില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പത്തനാപുരം പോലീസ് റോഡരുകില്‍ നില്‍ക്കുകയായിരുന്ന നജീബിനെ വിളിച്ച് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസര്‍ വഴി ഊതിച്ചു.പോകാന്‍ പറഞ്ഞെങ്കിലും സംശയം തോന്നിയതിനെ തുടര്‍ന്ന് വീണ്ടും നജീബിനെ പിടിക്കാന്‍ പോലീസ് ശ്രമിക്കുകയായിരുന്നു .
തുടർന്ന് ആക്രോശത്തോടെ പോലീസ് വരുന്നത് കണ്ട് ഭയന്നോടിയ നജീബിന്റെ പിന്നാലെ പോലീസും ഓടി.കുറച്ച് ദൂരം ഇയാളെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനാകാതെ പോലീസ് മടങ്ങുകയായിരുന്നുവെന്ന് പറയപെടുന്നെങ്കിലും രാവിലെ തോട്ടത്തിലെത്തിയ ടാപ്പിംഗ് തൊഴിലാളികൾ നജീബിന്റെ കമിഴ്ന്നുകിടന്ന മൃതദേഹം കാണുകയായിരുന്നു .സംഭവത്തിൽ ദുരൂഹത ഉള്ളതായി നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട് .
എസ് എഫ് സി കെയിലെ താല്ക്കാലിക തൊഴിലാളിയായിരുന്നു നജീബ്.ഭാര്യ:സുനിത.നബീല്‍,നസ്മി എന്നിവര്‍ മക്കളാണ്. പത്തനാപുരം പോലീസ് മേൽനടപടികളെടുത്ത മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.