പുനലൂർ പിറവന്തൂര്‍ വെട്ടിത്തിട്ടയില്‍ പതിനാറുകാരിയായ റിൻസിയുടെ കൊലപാതകത്തിൽ അയൽവാസിയായ ആട്ടോ ഡ്രൈവർ പിടിയിൽ.അലി മുക്ക് ആനകുളം തടത്തിൽ വീട്ടിൽ യശോധരന്റെ
മകൻ സുനിൽ 40 ആണ് പിടിയിലായത്.കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിനി ഡെന്നിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത് .

പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കുരിശുമൂട്ടിൽ ബിജു_ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെ 2017 ജൂലൈ 29 ന് പുലർച്ചെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണം കൊലപാതകമാണെന്നയിരുന്നു വ്യാപകമായ ആക്ഷേപം .എന്നാല്‍ കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്ന നിഗമനത്തിലായിരുന്നു പോലീസ് .ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലെത്തുകയായിരുന്നു പോലീസ്. ഇതിനിടെ സംഭവസ്ഥലത്തെത്തിയ ജാഗ്രത ന്യൂസ് ടീം നാട്ടുകാരുമായി സംസാരിക്കുകയും മരണത്തിലെ ദുരൂഹത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തു .

തുടർന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരവുമായി രംഗത്തെത്തി പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും,അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ടതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
ഇതേ തുടർന്ന് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു .തലേ ദിവസം ഉറങ്ങാന്‍ പോകുമ്പോഴും മകള്‍ സന്തോഷവതിയായിരുന്നുവെന്ന് പറയുന്ന മാതാവ് ബീനയും ബന്ധുക്കളും റിന്‍സിയുടേത് കൊലപാതകമാണെന്ന് കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആത്മഹ ത്യയെന്ന് പോലീസ് എഴുതി തള്ളിയ കേസാണ് കൊലപാതകമെന്ന് തെളിയിച്ച് ക്രൈംബ്രാഞ്ച് പ്രതിയെന്ന് കരുതുന്നയാളെ പിടികൂടിയത്.