ഇന്ന് ലോക സംഗീത ദിനം .സംഗീതത്തെ സ്നേഹിക്കാത്തവരായി ലോകത്ത് ആരും തന്നെ കാണുമെന്ന് തോന്നുന്നില്ല .സംഗീതത്തെ സ്നേഹിച്ചതിന്റെ പേരിൽ “ഗായകരെ ” സ്നേഹിച്ചു പോയ ഒരു സമൂഹത്തിലാണ് ഇന്ന് ഞാനുൾപ്പെടെയുള്ളവരുടെ ജീവിതം .
ഗായകർ എന്ന് പറയുന്പോൾ അതിൽ ഗായകനും ഗായികയും ഒക്കെ ഉൾപ്പെടും .അവർ പാടി വയ്ക്കുന്ന ഈരടികളെ നെഞ്ചിലേറ്റി നാം സമ്മാനിക്കുന്ന അലങ്കാര പട്ടങ്ങളായിരുന്നു “ഗാനഗന്ധർവൻ ” എന്നും “വാനന്പാടി ” എന്നുമൊക്കെ. മധുരതരമായ ഗാനോപഹാരങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള പ്രമുഖ സംഗീത സംവിധായകരെയൊക്കെ പാടേ വിസ്മരിച്ചു കൊണ്ടാണ് നാം പലപ്പോഴും ഗായകർക്ക് മാത്രമായി നമ്മുടെ നെഞ്ചിൽ സ്ഥാനം കൊടുത്തതും .ഈ സാഹചര്യത്തിലാണ് ലോക സംഗീത ദിനത്തിൽ ഒരു സെൽഫി കഥ ഇവിടെ സമർപ്പിക്കുന്നത് .
മാറിയ ജീവിത സാഹചര്യത്തിൽ ഇന്ന് “സെൽഫി ” ഇല്ലാത്ത ജീവിതം മനുഷ്യ സമൂഹത്തിന് ഒഴിച്ചുകൂടാനാവാതെ വന്നിരിക്കുന്നു .പ്രിയപെട്ടവർക്കൊപ്പം ഒരു സെൽഫി എടുക്കുന്നത് അത്ര വലിയ കുറ്റമാണോ ? അതെ എന്നാണ് ഗാന ഗന്ധർവൻ കെ ജെ യേശുദാസ് കാണിച്ചു തന്നത്.
അതെ , കേരള രാഷ്ട്രീയത്തിൽ പ്രിയപ്പെട്ട വി എസ് അച്യുതാനന്ദനും സെൽഫി ഇത്ര ഇഷ്ടമാണെന്ന് ആരും അറിഞ്ഞിട്ടുണ്ടാകില്ല .കഴിഞ്ഞ ജൂൺ മൂന്നിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനാണ് വേദി .ഷാജി കുന്നിക്കോട് സംവിധാനം ചെയ്‌ത “മിഴി ” എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനുശേഷം പുറത്തേക്ക് വരുകയായിരുന്നു വി എസ് .തങ്ങളുടെ പ്രിയ സഖാവിനൊപ്പം ഒരു സെൽഫി എടുക്കാൻ തിരക്കുകൂട്ടിയവർക്കായി പ്രായം മറന്ന് ,വി എസ് കാട്ടിയ ആ വലിയ മനസ് സ്നേഹപ്പൂർവം യേശുദാസിന് സമർപ്പിക്കുന്നു .
സെൽഫി എടുത്തവർക്കൊപ്പം കുശലം പറഞ്ഞും എടുത്ത സെൽഫികൾ നോക്കി വി എസ് കമന്റ് പറഞ്ഞതുമൊക്കെ അനുഭവസ്ഥർക്ക് ഒരിക്കലും മറക്കാനാകാത്ത ഓർമകളാണ് സമ്മാനിച്ചത്
ഒരു സെൽഫിയിൽ എന്തിത്ര കാര്യം എന്ന് ചോദിക്കുന്നവർ വി എസ്സിന്റെ നിഷ്കളങ്കത ഈ ചിത്രങ്ങളിൽ കാണാതെ പോകരുത് .”വാർധക്യം ,യൗവനത്തിന്റെ ” ചുറു ചുറുപ്പ് കാട്ടുന്നതിനെ നിസാരവൽക്കരിച്ചിട്ടെന്തുകാര്യം ?
“സംശുദ്ധമാകണം സംഗീതമെങ്കിൽ ,നല്ല മനസുകൾ കൂട്ടിനുണ്ടാകണം ” ഏവർക്കും സംഗീതദിനാശംസകൾ !