വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച
ഗണേശ് കുമാർ എം.എൽ.എയും ഡ്രൈവറും ചേർന്ന് അമ്മയേയും മകനേയും മർദ്ദിച്ചതായി പരാതി .കൊല്ലം ജില്ലയിലെ അഞ്ചൽ അഗസ്ത്യക്കോടാണ് സംഭവം .
എതിരേ വന്ന വാഹനം തന്റെ കാറിന് കടന്ന് പോകാൻ സൈഡ് നൽകിയില്ലെന്ന കാരണത്തെ ചൊല്ലിയുണ്ടായ വാക്കേറ്റത്തെത്തുടർന്ന് പത്തനാപുരം എം.എൽ എ യും മുൻ മന്ത്രിയുമായ കെ.ബി ഗണേശ് കുമാറും ഡ്രൈവറും ചേർന്ന് എതിരേ വന്ന വാഹനത്തിലെ ഡ്രൈവറെ തല്ലി പരിക്കേല്പിച്ചു .

ഒപ്പമുണ്ടായിരുന്ന മാതാവിനെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തതായും അനന്തുവിന്റെ മാതാവ് ഷീന അഞ്ചൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു .അഞ്ചൽ പുലിയത്ത് വീട്ടിൽ ഗോ പാലകൃഷ്ണൻ മകൻ അനന്തകൃഷ്ണൻ (23) ആണ് പരിക്കേറ്റ നിലയിൽ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.ഇന്നലെ ഉച്ചയ്ക് ഒന്നേകാലോടെ അഞ്ചലിന് സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. അവിടെയൊരു മരണവീട്ടിൽ പോയ ശേഷം തിരികെ വരികയായിരുന്ന എം.എൽ.എ യുടെ വാഹനത്തിന് എതിരേ മറ്റൊരു കാർ വന്നതിനാൽ കടന്നു പോകാനുള്ള സ്ഥലസൗകര്യമില്ലായിരുന്നു.എം.എൽ.എയുടെ ഡ്രൈവർ ഹെഡ് ലൈറ്റ് ഇട്ട് കാണിച്ചുവെങ്കിലും പിന്നോട്ടെടുക്കുവാനോ സൈഡ് കൊടുക്കുവാനോ ഇടമില്ലാത്തതിനാൽ എതിരേ വന്ന വാഹനം അവിടെ നിർത്തിയിട്ടു.ഇതിൽ പ്രകോപിതനായ എം.എൽ.എ ആക്രോശിച്ചു കൊണ്ട് കാറിൽ നിന്നും ചാടിയിറങ്ങി അനന്തകൃഷ്ണന്റെ കാറിന്റെ താക്കോൽ ബലമായി ഊരിയെടുക്കാൻ ശ്രമിച്ചുവത്രേ.ഇതിനെയെതിർത്ത അനന്തകൃഷ്ണനെ എം.എൽ.എ കഴുത്തിനും തലയ്ക്കും അടിക്കുകയും മാതാവിനെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്തുവെന്നാണ് മാതാവ് ഷീന (48) പൊലീസിൽ നൽകിയിട്ടുള്ള പരാതിയിലുള്ളത്.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ മോഹൻദാസ് ഇരു വാഹനങ്ങൾക്കും കടന്ന്പോകാനുള്ള സൗകര്യമൊരുക്കിയ ശേഷം എം.എൽ.എയെ പോകാനനുവദിക്കുകയും, അനന്തകൃഷ്ണനോടും മാതാവിനോടും പരാതിയുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുവാൻ ആവശ്യപ്പെടുകയുമായിരുന്നു .പ്രതിഷേധം വ്യാപകമായതോടെ സംഭവത്തിൽ കേസെടുക്കുമെന്ന് അഞ്ചൽ പോലീസ് ജാഗ്രത ന്യൂസിനോട് പറഞ്ഞു .
വീഡിയോ കാണാം