കനത്ത മഴയെത്തുടർന്ന് മൂന്നാറിനു സമീപം ആനച്ചാലിൽ നിർമ്മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്നടിഞ്ഞു. ആനച്ചാൽ മേക്കോടയിൽ ശാരംങ്ധരന്റെ കെട്ടിടമാണ് ഇന്നു വൈകിട്ട് നാലരയോടെ തകർന്നു വീണത്.അടിമാലി- മൂന്നാർ റോഡിൽ ആനച്ചിലിനു സമീപം ആൽത്തറയെന്ന സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചു വന്നിരുന്നത്. റോഡിന്റെ ഫില്ലിംങ് സൈഡിൽ അഞ്ചു നിലയോളം താഴ്ചയിൽ നിന്നും ഫില്ലർ നിർമ്മിച്ച് റോഡുവക്കിൽ ഷീറ്റു മേഞ്ഞ മേൽക്കൂര ഉൾപ്പടെയുള്ള രീതിയിലാണ് കെട്ടിടം നിർമ്മിച്ചു വന്നിരുന്നത്.
വ്യാപാര സ്ഥാപനത്തിലും താമസിത്തിനുമെന്ന നിലയിലായിരുന്നു നിർമ്മാണം. മഴവെള്ളപ്പാച്ചിലിൽ അടിസ്ഥാനം ഇളകിയതാണ് കെട്ടിടഭാഗങ്ങൾ പൂർണ്ണമായും കുത്തിയൊലിച്ചു പോകാൻ കാരണമെന്നതാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടത്തിന്റെ മുകൾഭാഗത്തെ നിർമാണം ഏകദേശം പൂർത്തീകരിച്ചിരുന്നു. കുത്തനെയുള്ള പ്രദേശത്ത് നിർമ്മിച്ച കെട്ടിടത്തിന്റെ അടിവശത്തുനിന്നും മണ്ണിടിഞ്ഞ് താഴ്ന്നതും അപകടത്തിന് കാരണമായി കണക്കാക്കുന്നുണ്ട്. കൊടുംതൂക്കായുള്ള പ്രദേശത്തെ അശാസ്ത്രീയമായ നിർമ്മാണമാണ് കെട്ടിടം തകരുവാൻ കാരണമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ടാറിംങ് റോഡിനോടു ചേർന്നുള്ള ഭാഗമാണ് ഇടിഞ്ഞു പോയിട്ടുള്ളത്. മേഖലിൽ മഴ ശക്തമായി തുടരുന്നതിനാൽ ഇനിയും മണ്ണിടിയുവാൻ സാധ്യതയുണ്ട്. ടാറിംങ് റോഡ് ഉൾപ്പടെയുള്ള ഭാഗം ഇടിഞ്ഞാൽ ഗതാഗതം തടസപ്പെടും. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തു നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.