കോഴിക്കോട്: പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയുന്ന ശോഭാ ഡവലപ്പേഴ്സിന്റെ മുന്നോ റോളം ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ലേബർ ക്യാമ്പിൽ നിന്നും കക്കൂസ് മാലിന്യം മാമ്പുഴയിലേക്ക് തള്ളിയ നടപടിക്കെതിരെ മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
ശോഭഡെവലപ്പേഴ്സിന്റെ രാമനാട്ടുകര -വെങ്ങളം ദേശീയ പാതക്കരികിൽ തൊണ്ടയാട് ജംഗ്ഷന് സമീപത്തുള്ള കോർപ്പറേറ്റ് ഓഫീസിന്ന് മുന്നിലാണ് ധർണ്ണ നടത്തിയത്. ശോഭഡെവലപ്പേഴ്സിന്റെ നിർമ്മാണത്തിലിരിക്കുന്ന വെള്ളിപറമ്പിന് സമീപത്തെ നെടുംപറമ്പ് കുന്നിലെ ഫളാറ്റുകളിലെ ജീവനക്കാരായ മുന്നൂറോളം ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കുറ്റിക്കാട്ടൂർ- മുണ്ടുപാലം റോഡരികിൽ പുത്തലത്ത് താഴം നിലത്ത് മാമ്പുഴയോട് ചേർന്നു നിൽക്കുന്ന കെട്ടിടത്തിൽ നിന്നാണ് കക്കൂസ് മാലിന്യം മാമ്പുഴയിലേക്ക് ഒഴുക്കിയത്.
ഇതു സംബന്ധിച്ച് പാറക്കോട്ടുതാഴം ഹരിതം റസിഡന്റ്സ് അസോസിയേഷൻ പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം പരിശോധന നടത്തിയതിൽ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി ഭരണ സമിതി യോഗം ചേർന്ന് ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയെങ്കിലും കമ്പനി അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ലേബർ ക്യാമ്പ് ഉപരോധിച്ചിരുന്നു. തുടർന്ന് ജില്ലാ കലക്ടർ യു.വി.ജോസ്, അഡീഷണൽ തഹസിൽദാർ ഇ.അനിതകുമാരി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും അടിയന്തിരമായി റിപ്പോർട്ട് നൽകാൻ തഹസിൽദാർക്ക് കലക്ടർ നിർദ്ദേശം നൽകുകയും ചെയ്തു. അതിന് പിറകെ ഇന്നലെ ലേബർ ക്യാമ്പിൽ നിന്നും മലിനജലം ടാങ്കർ ലോറിയിലേക്ക് പമ്പ് ചെയ്ത് കമ്പനി വക നെടുംപറമ്പ് കുന്നിലെ സ്ഥലത്ത് ഒഴുക്കുന്നത് നാട്ടുകാർ തടയുകയും മെഡിക്കൽ കോളേജ് പോലീസ് ലോറിയും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നെടുംപറമ്പ് കുന്ന് സ്ഥിതി ചെയ്യുന്നതും മാമ്പുഴയോട് ചേർന്ന് തന്നെയാണ്.
ഈ സാഹചര്യത്തിലാണ് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിനു മുൻവശത്ത് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തേണ്ടി വന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.ധർണ്ണ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി.ബാലൻ നായർ ഉദ്ഘാടനം ചെയ്തു.മാമ്പുഴ സംരക്ഷണ സമിതി പ്രസിഡണ്ട് ടി.കെ.എ.അസീസ് അധ്യക്ഷനായിരുന്നു .കെ.പി.സന്തോഷ്, പി.എം.രാധാകൃഷ്ണൻ ,കെ.പി.ആനന്ദൻ, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. നിസാർ, കിഴക്കെ തൊടി ബാലൻ എന്നിവർ പ്രസംഗിച്ചു.