കേരളത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ ആളുകളെ കാണാതാകുന്നതിന് പിന്നിൽ മനുഷ്യകടത്തു സംഘമോ ? കാണാതാകുന്നവരെ കുറിച്ച് പൊലീസിന് വ്യക്തമായ മറുപടി നൽകാൻ കഴിയാത്തതും ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നു . കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുന്ന രീതി പോലീസ് അവലംബിക്കുന്പോ ൾ പരാതിനൽകാനും ഭയപ്പെടുന്നവർ ഏറെയാണ് .
ജസ്നയുടെ തിരോധാനത്തെ കുറിച്ച് ഇനിയും ഒരു തുന്പ് വിവരം പോലും കേരള പൊലീസിന് കിട്ടിയിട്ടില്ല എന്നിരിക്കെയാണ് ഇടുക്കിയിൽ നിന്നും മറ്റൊരു കേസുകൂടി പൊലീസിന് വിലങ്ങു തടിയായി മാറുന്നത്.

ഇടുക്കി വെൺമണി എട്ടൊന്നിൽ വീട്ടിൽ ചാക്കോയുടെ ഭാര്യ ഏലിയാമ്മയെ കാണാതായിട്ട് രണ്ടു മാസം പിന്നിടുകയാണ് . പരാതികളുമായി കയറിയിറങ്ങിയ കുടുംബാംഗങ്ങൾക്ക് ആകട്ടെ അവഗണന മാത്രം മിച്ചവും. ഇക്കഴിഞ്ഞ ഏപ്രിൽ 9 ഹർത്താൽ ദിനത്തിൽ ആണ് ഇടുക്കി കഞ്ഞിക്കുഴി വെൺമണി സ്വെദേശിയായ വീട്ടമ്മയെ കാണാതാകുന്നത്.

ഇടുക്കി വെണ്മണി എട്ടൊന്നിൽ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (55 വയസ്സ്) ഹർത്താൽ ദിനത്തിൽ വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള വരിക്കമുത്തൻ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലേക്കാണ് പോയത്. അന്ന് വൈകുന്നേരം ആയിട്ടും അവർ തിരിച്ചു വീട്ടിൽ എത്തിയില്ല .തുടർന്ന് നടത്തിയ അന്വേഷണത്തിൽ വരിക്കാമുത്തനിലെ വീട്ടിൽ എത്തിയില്ല എന്നറിഞ്ഞു .ശേഷം തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി തിരക്കി എങ്കിലും അവിടെയും എത്തിയില്ല എന്ന് സഹോദരനും കുടുംബവും പറഞ്ഞു. അന്ന് രാത്രി തന്നെ മറ്റു ബന്ധു വീടുകളിൽ തിരക്കിയെങ്കിലും അവിടെ ഒന്നും എത്തിയില്ല എന്ന വിവരം ആണ് ലഭിച്ചത്.
അടുത്ത ദിവസം തന്നെ ഇടുക്കി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണം തുടങ്ങി രണ്ടുമാസം പിന്നിടുന്ന ഘട്ടം ആയിട്ടും വീട്ടമ്മയ്ക്ക് എന്ത് സംഭവിച്ചു എന്നതിനുത്തരം തരാൻ ഇതുവരെ പോലീസിനായിട്ടില്ല.
അന്വേഷണത്തിൽ ഒരു പുരോഗതിയും ആകാതെ വന്നപ്പോൾ മുഖ്യമന്ത്രി, കേരള ഡിജിപി, ഇടുക്കി എസ് പി എന്നീ ഉന്നത തലങ്ങളിൽ പരാതി നൽകിയിട്ടും കാണാതായ വീട്ടമ്മയെ കുറിച്ച് ഒരു വിവരവും ഇതുവരെ ഇല്ല. അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ പരാതിക്കാരെ പ്രതിയാക്കുന്ന രീതിയിൽ ആണ് പോലീസിന്റെ പ്രതികരണം , ഇത്രയും കാലം അന്വേഷണത്തിനായി നടന്ന ചാക്കോയുടെയും മകൻ ഷിന്ടോ യുടെ തലയിൽ കുറ്റം ചാർത്താൻ ഉള്ള വ്യഗ്രതയിൽ ആണ് പോലീസ്.
വയനാട് ,ഇടുക്കി തുടങ്ങിയ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണം നടത്തിയാൽ ഒരു പക്ഷെ എന്തെങ്കിലും വിവരം ലഭിക്കാതിരിക്കില്ല എന്നാണ് ബന്ധുക്കൾ പറയുന്നത് .കുട്ടികളും സ്ത്രീകളുമാണ് ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത് എന്നതും ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട് .
കേരളത്തിൽ മനുഷ്യകടത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടോയെന്നും ചില കോണുകളിൽ നിന്നും സംശയം ശക്തമാവുകയാണ് .സംസ്ഥാന ഇന്റെലിജെൻസ് സംവിധാനവും വേണ്ട രീതിയിൽ കാര്യ ക്ഷമ മല്ലെന്നാണ് വിലയിരുത്തപെടുന്നത് .രാഷ്ട്രീയ കാര്യങ്ങളിലും മറ്റും ഇന്റലിജിൻസ് സംവിധാനം ശ്രദ്ധ കേന്ദ്രീകരിക്കുന്പോൾ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താറില്ലെന്നാണ് ആക്ഷേപം .ഇതിന്റെ മറവിൽ ചില തീവ്ര വാദ ഗ്രൂപ്പുകൾ കേരളത്തിൽ വടക്കൻ മലബാർ കേന്ദ്രീകരിക്കാൻ സാധ്യത ഏറെയാണ് .