കെവിനെ മാന്നാനത്തെ വീട്ടിൽ നിന്നും തട്ടികൊണ്ടുപോയത് പുനലൂരിൽ നിന്നുള്ള നാലംഗ ക്വട്ടേഷൻ സംഘത്തിന്റെ നേതൃത്വത്തിൽ .നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ നൽകിയ ക്വട്ടേഷനാണ് കെവിന്റെ കൊലപാതകത്തിൽ കലാശിച്ചത് .
നീനു കെവിനെ വിവാഹം കഴിച്ചതറിഞ്ഞാണ് ഷാനു ചാക്കോ വെള്ളിയാഴ്ച കുവൈറ്റിൽ നിന്നും നാട്ടിൽ എത്തുന്നത് .കൃത്യം നിർവഹിക്കാൻ ഷാനു നേരിട്ടെത്തി ക്വട്ടേഷൻ നൽകുകയായിരുന്നു .ഷാനുവിന്റെ അമ്മ രഹ്‌നയുടെ ബന്ധുക്കളും ,നിലവിൽ അറസ്റ്റിലായ പ്രതികളും ചേർന്ന് പുനലൂർ സ്വദേശികളായ നാലംഗ സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു .

മുൻ എസ് ഡി പി ഐ പ്രവർത്തകരായിരുന്നു ഇപ്പോൾ അറസ്റ്റിലായിട്ടുള്ള നിഷാൻ ,റിയാസ് ,നിയാസ് എന്നിവർ .കഴിഞ്ഞ രണ്ടു മാസം മുൻപ് ഒറ്റക്കൽ ഇടമണ്ണിൽ ആർ എസ് എസ് -എസ് ഡി പി ഐ സംഘർഷം ഉണ്ടാകുകയും തുടർന്ന് ,ഇവർ ഡി വൈ എഫ് ഐ യിൽ എത്തുകയുമായിരുന്നു. ഇവർ മുഖേനയാണ് ഷാൻ ക്വട്ടേഷൻ തരപ്പെടുത്തിയത്
പുനലൂർ കാഞ്ഞിരമല സ്വദേശി അപ്പൂസ് എന്ന് വിളിക്കുന്ന ഫസൽ ,ചാലക്കോട് സ്വദേശി നിഷാദ് നേതാജി വാർഡിൽ റിനീഷ് ,ദിപിൻ എന്നിവരാണ് ക്വട്ടേഷൻ ഏറ്റെടുത്തത് .ഇവർക്കും സിപിഎം പ്രാദേശിക നേതൃത്വവുമായി ബന്ധമുണ്ടെന്നാണ് സൂചന .കെവിൻ താമസിച്ചിരുന്ന മാന്നാനത്ത് പ്രതികൾ എത്തിയത് ,സിപിഎംൻറെ മാന്നാനത്തെ ചില ക്വട്ടേഷൻ സംഘത്തിന്റെ അറിവോടെയാണെന്നും സൂചനകളുണ്ട് .അല്ലാതെ പുറത്തു നിന്നുള്ളവർക്ക് ഇവിടെയെത്തി കൃത്യം നിർവഹിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത് .
പുനലൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കെവിന്റെ ബന്ധുവായ അനീഷിനെ മാരകായുധങ്ങളുമായി ആദ്യംനേരിട്ടത് .പിന്നീട് കെവിനെയും കസ്റ്റഡിയിലാക്കിയ ശേഷം, വീടാക്രമിച്ച പ്രതികൾ രണ്ടു പേരെയും രണ്ടു വണ്ടികളിലാക്കി പുനലൂരിലേക്ക് തിരിച്ചു .ക്വട്ടേഷൻ സംഘം സഞ്ചരിച്ച കാറിലായിരുന്നു കെവിൻ എന്നാണ് വിവരം .ഷാനുവും ഈ വാഹനത്തിൽ ഉണ്ടായിരുന്നുവത്രേ .അതേ സമയം അനീഷിനെ പത്തനാപുരത്തിനടുത്ത് വച്ചു റോഡിൽ ഇറക്കി വിട്ടു .തുടർന്നു ചാലിയക്കര എസ്റ്റേറ്റ് ഭാഗത്തേക്ക് കെവിനെ കൊണ്ടുപോയെന്നാണ് പോലീസ് നൽകുന്ന സൂചന .

സംഭവം പുറം ലോകം അറിഞ്ഞതോടെ ക്വട്ടേഷൻ സംഘവും ഒളിവിൽ പോയി .ക്വട്ടേഷൻ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ് ഷാനും ചാക്കോയും കണ്ണൂർ ഇരിട്ടി ഭാഗത്തേക്ക് പോയതെന്നും സംശയം ശക്തമാവുകയാണ് .പാർട്ടി ബന്ധത്തിനുമപ്പുറം പണം ഉപയോഗിച് ഇവർ പല ഉന്നത നേതാക്കളെയും സ്വാധീനിക്കാൻ ശ്രമിക്കുകയും ഹൈ കോടതിയിൽ നിന്നും ജാമ്യം നേടാൻ ശ്രമിക്കുകയും ചെയ്തിരുന്നു .പുനലൂരിലെ ക്വട്ടേഷൻ സംഘത്തെ പിടികൂടുന്നതോടെ ഇവരുടെ രാഷ്ട്രീയ ബന്ധം കൂടുതൽ വെളിപ്പെടും .പുനലൂർ ഡി വൈ എസ് പി അനിൽകുമാർ ,സി ഐ ബിനു വർഗീസ് ,എസ് ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് .