പോലീസിന്റെ പരിശീലനം തുണയായി; പെണ്‍കുട്ടി അക്രമിയെ അടിച്ചു വീഴ്ത്തി.
കൊല്ലം അഞ്ചാലുംമൂട് പതിനെട്ടാംപടി സ്വദേശിനിയായ പെണ്‍കുട്ടിയാണ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ സധൈര്യം നേരിട്ട് സ്ത്രീ സമൂഹത്തിനു തന്നെ മാതൃകയായത്.
അടുത്തുള്ള പലചരക്ക് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേയ്ക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ നമ്പര്‍ പ്ലേറ്റ് കറുത്ത തുണി കൊണ്ട് മറച്ച ബൈക്കില്‍ എത്തിയ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കയ്യില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി ഷര്‍ട്ടില്‍ പിടിച്ചു താഴെ തള്ളിയിട്ടു. ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച അക്രമിയുടെ ബൈക്കിന്റെ നമ്പറും പെണ്‍കുട്ടി കുറിച്ചെടുത്തിരുന്നു.
നീരാവില്‍ സ്‌കൂളില്‍ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ സെല്ഫ് ഡിഫെന്‍സ് ക്ലാസ്സില്‍ പങ്കെടുത്തതില്‍ നിന്നും ലഭിച്ച മനോധൈര്യമാണ് ഇത്തരത്തില്‍ ഒരു ചെറുത്തുനില്പിനു് പെണ്‍കുട്ടിയെ പ്രാപ്തയാക്കിയത്.
പെണ്‍കുട്ടി അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അക്രമിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.