ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന എസ് എൻ ഡി പി ഇടതുമുന്നണിയെയും ,മകൻ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബി ഡി ജെ എസ് ബിജെപി യെയും പിന്തുണയ്ക്കും .വിവിധ ക്രൈസ്തവ സഭകൾ ഇടതു സ്ഥാനാർഥി സജി ചെറിയാന് അനുകൂല നിലപാട് സ്വീകരിച്ചതോടെ പെട്ടു പോയത് കോൺഗ്രസ് നേതൃത്വം .
മൈക്രോ ഫിനാൻസ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന വെള്ളാപ്പള്ളിക്കാകട്ടെ സിപിഎം നെ പിണക്കാൻ വയാത്ത അവസ്ഥ .മൈക്രോ ഫിനാൻസ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെടുന്നത് വി എസ് അച്യുതാനന്ദൻ ആണെങ്കിലും , പിണറായി വിജയനെയും പാർട്ടിയെയും എങ്ങനെയും പ്രീണിപ്പിക്കുകയെന്ന അടവ് നയമാണ് വെള്ളാപ്പള്ളി ചെങ്ങന്നൂരിൽ പയറ്റുന്നത് .എസ് എൻ ഡി പി യുടെ രാഷ്ട്രീയ സംഘടനയായ ബി ഡി ജെ എസ് പിന്തുണയ്ക്കുന്ന ബിജെപി യെ പല തവണ കുറ്റം പറഞ്ഞ വെള്ളാപ്പള്ളി നടേശൻ ആകട്ടെ സിപിഎം നേതൃത്വത്തെയോ ,സജി ചെറിയാനെ കുറിച്ചോ ഒരക്ഷരം പോലും എതിർത്തു പറയാത്തതും ഈ നയത്തിന്റെ ഭാഗമായാണ് .
അതെ സമയം ,പോഷക സംഘടനയായ ബി ഡി ജെ എസ്സിന്റെ പേരിൽ ബിജെപി യെ പിന്തുണയ്ക്കുക വഴി വെള്ളാപ്പള്ളി ആഗ്രഹിക്കുന്നതും ഒന്ന് തന്നെ .മകൻ തുഷാർ വെള്ളാപ്പള്ളിക്ക് ബിജെപി വക എന്തെങ്കിലും അധികാര പദവി കിട്ടുമോയെന്നും .ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ലക്ഷ്യവുമായി ചെങ്ങന്നൂരിനെ ഉപയോഗിക്കുകയാണ് വെള്ളാപ്പള്ളി . ഈ നയത്തെ എങ്ങനെ ഉൾക്കൊള്ളണമെന്ന ആശങ്കയിലാണ് അണികൾ .നേതൃത്വം എസ് എൻ ഡി പി യും ബി ഡി ജെ എസ്സും ആണെങ്കിലും അണികൾ രണ്ടിടത്തും ഒന്നു മാത്രം .അതായത് എസ് എൻ ഡി പി ക്കാർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി (ബി ഡി ജെ എസ് ),ഈ പാർട്ടിയിൽ മറ്റ് സമുദായക്കാർക്ക് പങ്കില്ല .
ഫലത്തിൽ അച്ഛൻ ഇടതു മുന്നണിക്കും ,മകൻ ബി ജെ പി യ്ക്കും പിന്തുണ നൽകും .വ്യക്തമായ കാഴ്ചപ്പാടില്ലാത്തതിനാൽ ഇവരെ രാഷ്ട്രീയ പാർട്ടികൾ എങ്ങനെ ഉൾകൊള്ളുമെന്ന് കാത്തിരുന്ന് കാണണം .ഇരുവരും പിന്തുണയ്ക്കുന്ന സ്ഥാനാർഥികളിൽ ആര് ,ഈഴവ സമുദായത്തിന്റെ വോട്ട് പെട്ടിയിലാക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത് .