കേരളത്തിൽ ആരോഗ്യവകുപ്പ് അറിയാത്തൊരു ആതുരാലയമുണ്ട് , കുളത്തൂപുഴയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്ന പേരിലാണ് നാട്ടുകാർ ആ കെട്ടിടത്തെ വിളിക്കുന്നത് .സാധാരണക്കാർക്ക് തുണയാകേണ്ടുന്ന ആതുരാലയം ഇവിടെ പേരിനു വേണ്ടി പ്രവർത്തിക്കുന്പോൾ , നഷ്ടമാകുന്ന ജീവന് വിലയിടാൻ പോലും ആരുമില്ലാത്ത അവസ്ഥ .കടമാൻകുഴി കോളനിയിലെ സുമയുടെ അവസ്ഥ ആരെയും പേടിപെടുത്തുന്നു . ഗർഭകാലത്തു പോലും വേണ്ട പരിചരണം കിട്ടാതെ , നൊന്തു പ്രസവിച്ച ഇരട്ടക്കുട്ടികളെ വിധിക്കു വിട്ടുനൽകിയപ്പോൾ സുമയ്‌ക്ക് ജീവിതത്തോട് പോലും വെറുപ്പ് തോന്നുന്നു .

കഴിഞ്ഞ ദിവസമാണ് കടമാൻകോട് കുഴിയിൽ വിയോട് കോളനിയിലെ രാജീവിന്റെ ഭാര്യ സുമ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജീവൻ നൽകുന്നത് .ഭാര്യയുടെ ഉത്തരവാദിത്വത്തിൽ നിന്നുകൊണ്ട് രാജീവിൻറെ ഗർഭം പേറിയ സുമ ,മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തന്റെ കണ്മണികളെ വിധി കവർന്നെടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല .എല്ലാവരെയും പോലെ സുമയ്ക്കും ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നിരിക്കണം ,പക്ഷെ ..
വേണ്ടത്ര ചികിത്സ ഇല്ലാത്തതിനാൽ ഗർഭിണിയായ സുമ പലപ്പോഴും തന്റെ കൂരയിൽ തന്നെ “ഗർഭകാലം ” കഴിച്ചു കൂട്ടുകയായിരുന്നു .സാന്പത്തികവും പിന്നോട്ട് പിടിച്ചപ്പോൾ പകച്ചു പോയ് സുമയുടെ ജീവിതവും .പ്രസവ വേദനയിൽ പുളഞ്ഞു ഇരുട്ടുമൂടിയ തന്റെ കൂരയിൽ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയപ്പോൾ വില്ലൻ വേഷമണിഞ്ഞത് ആരോഗ്യവകുപ്പും . പ്രസവത്തെ തുടർന്ന് മണിക്കൂറുകൾക്കകം ഒരു കുട്ടി മരണത്തിനു കീഴടങ്ങി . തൊട്ടടുത്ത ദിവസം അടുത്ത കുഞ്ഞും .
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് കുളത്തൂപ്പുഴയിലെ ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത് . പത്തോളം ആദിവാസി കോളനികളാണ് വനമേഖലയായ കുളത്തൂപ്പുഴയിൽ ഉള്ളത് .പല കോളനികളിലും രോഗം ബാധിച്ചവരും , പട്ടിണിയോട് പടവെട്ടുന്നവരും .ഇവിടുത്തെ സ്ഥിതി ഗതികൾ അടുത്തറിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്തസർക്കാർ സംവിധാനങ്ങളാണ് കുളത്തൂപ്പുഴയിൽ .ദിനം പ്രതി നൂറു കണക്കിന് കോളനി വാസികളാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയെത്തുന്നത് . ഡോക്ടർ മാരുടെ കുറവും സമയക്കുറവും മൂലം , രോഗികൾക്ക് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം ആശുപത്രിയിൽ പ്രവേശനമില്ല . ഒ പി യുടെ പ്രവർത്തനം രണ്ടു മണിവരെ മാത്രം .
രണ്ടു മണിക്ക് ശേഷം അസുഖം പിടിപെട്ടാൽ ,പിന്നെ നാൽപത് കിലോമീറ്ററോളം താണ്ടി രോഗികൾ പുനലൂരിലെത്തണം .ഇതാണ് ഇവിടുത്തെ അവസ്ഥ .സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളെ ശുശ്രൂഷിക്കുകയാണ് ഇവിടുത്തെ ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും . ഇനിയും സുമയുടെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതേയെന്ന പ്രാർത്ഥനയാണ് എല്ലാവരിലും .