പുനലൂർ ഇളമ്പലിൽ പ്രവാസി ഐക്കരക്കോണം സ്വദേശി സുഗതൻ ആത്മഹത്യ ചെയാനിടയായ  സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകണമെന്ന് ഡി വൈ എഫ് ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
20 വർഷമായി നികന്നു കിടന്ന പ്രദേശത്താണ്  സുഗതൻ താത്കാലിക ഷെഡ് നിർമിച്ച് ഒരു വർക്ക്ഷോപ്പ് ആരംഭിക്കാൻ ശ്രമിച്ചത്. ഷെഡ് നിർമാണം പൂർത്തിയാക്കിയപ്പോഴാണ് കൊടി കുത്താനായി എഐവൈഎഫ്എത്തിയത്. എഐവൈഎഫ്ന്റെ പ്രാദേശിക നേതൃത്വവുമായി ബന്ധമുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള പുനലൂരിലെ ഒരു വർക് ഷോപ്പിനെ സഹായിക്കാനാണ് ഇതെന്നത് പരസ്യമായ രഹസ്യമാണ്. നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന എൽ ഡി എഫിന്റെ പൊതുനയത്തിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തി ഭൂഷണമാണോയെന്നു എഐവൈഎഫ് നേതാക്കൾ പുനരാലോചിക്കണം. സുഗതന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ  കുടുംബത്തെ വിഷമിപ്പിക്കുന്ന തരത്തിലാണ് എഐവൈഎഫ്ന്റെ നിരവധി പ്രസ്താവനകൾ. നെൽവയലുകൾ സംരക്ഷിക്കപ്പെടണമെന്ന കൃത്യമായ നിലപാടാണ് ഡി വൈ എഫ് ഐക്കുള്ളത്. എന്നാൽ 20 വർഷം മുൻപ് നികത്തിയ സ്ഥലത്ത് ഒരു സാധാരണക്കാരനായ പ്രവാസി ജീവിതമാർഗ്ഗം കണ്ടെത്താൻ  ഒരു തൊഴിൽസംരംഭം ആരംഭിക്കാൻ മുന്നോട്ട് വരുമ്പോഴല്ല ഒരു സംഘടനയുടെ പ്രതീകമായ കൊടി തടസമാവേണ്ടത്. ഈ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്.സംഭവത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും മാതൃകാപരമായി നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇനി ഇത്തരത്തിൽ ഒരു ദാരുണ സംഭവം നമ്മുടെ നാട്ടിൽ ഉണ്ടാവാതിരിക്കാൻ അത് അനിവാര്യമാണെന്നും  ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്‌ സന്തോഷ് കുമാർ, സെക്രട്ടറി പ്രേം സിംഗ്, ട്രഷറർ എസ് എൻ രാജേഷ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു