മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ഹിന്ദു യുവസേന സ്ഥാപകനും മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ സ്വദേശിയുമായ കെ ടി നവീന്‍ എന്ന നവീന്‍കുമാറിനെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്.
അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ റിമാന്‍ഡിലായ നവീന്‍കുമാറിനെ ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷകസംഘം ബംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. ഇയാളുടെ കുറ്റസമ്മതമൊഴി മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയുംചെയ്തു. തുടര്‍ന്നാണ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
കര്‍ണാടകത്തിലെ ഹിന്ദു യുവസേന സ്ഥാപകനായ നവീന്‍കുമാറിന് സനാതന്‍ സംസ്ഥ,ഹിന്ദു ജനജാഗ്രിതി സമിതി തുടങ്ങിയ ഹിന്ദു തീവ്രവാദസംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ അഞ്ചിന് രാത്രിയാണ് ഗൗരി ലങ്കേഷ് ബംഗളൂരു നഗരത്തിലെ വീടിനുമുന്നില്‍ വെടിയേറ്റുമരിച്ചത്.