സ്വന്തം ലേഖകൻ
കല്ലറ : വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ അഞ്ചു പേരെ പാങ്ങോട് പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു വാഹനങ്ങളിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 382 ഗ്രാം കഞ്ചാവും ആഡംബര കാർ, ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. കല്ലറ വളക്കുഴി പച്ച അശ്വതി ഭവനിൽ ആദർശ് (19)പാങ്ങോട് പാങ്കാട് ആർബി വില്ലയിൽ കിരൺ (22),കല്ലറ കുറുമ്പയം വൈഷ്ണവത്തിൽ അമൽ(18), കല്ലറ പള്ളിമുക്ക് സാഹിൽ കോട്ടേജിൽ അജ്മൽ (18), കിളിമാനൂർ പഴയകുന്നുമ്മേൽ മഹാദേവേശ്വരം വി വി ലാൻഡിൽ വിശാഖ് (18)എന്നിവരാണ് അറസ്റ്റിലായത്.

ബൈക്കിലും കാറിലും കഞ്ചാവ് പൊതി വിൽക്കുന്നുവെന്ന് റൂറൽ എസ്. പി അശോക് കുമാറിന് കിട്ടിയ വിവരത്തെ തുടർന്ന് ഷാഡോ പൊലീസ് ഗ്രേഡ് എസ് എെ ജയകുമാർ, പാങ്ങോട് പൊലീസ് സ്റ്റേഷമിലെ ഗ്രേഡ് എസ് ഐസുലൈമാൻ, വിഗ്നേശ്വരൻ, എ എസ് ഐ രാധാകൃഷ്ണൻ, സി പി ഒ മാരായ പ്രവീൺ, നിസാർ, പ്രിജിത്, എന്നിവരടങ്ങുന്ന സംഘം പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് സംഘത്തെ കണ്ടെത്തുന്നത്.പൊലീസ് സംഘം എത്തുമ്പോൾ കാറിലും ബൈക്കിലും രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു പിടികൂടുകയായിരുന്നു. വാടകയ്ക്കെടുത്ത കാറിൽ കോയമ്പത്തൂരിൽ നിന്നും കഞ്ചാവ് വാങ്ങിയാണ് ചെറിയ പൊതികളിലാക്കി കച്ചവടം നടത്തിയിരുന്നത്. 200 രൂപമുതൽ 500 രൂപ വരെ വിലക്ക് വിൽക്കുന്നത്. കല്ലറ ബവ്റിജസ് ഔട്ട് ലെറ്റിന്റെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലാണ് ഇവരുടെ താവളം. കൂടുതലും വിദ്യാർത്ഥികളാണ് ഇവരുടെ ഇരകളെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായവർ വലിയ സംഘത്തിന്റെ കണ്ണികളാണെന്നു സംശയിക്കുന്നുവെന്നും വിൽപ്പനക്കായി കഞ്ചാവ് ലഭിക്കുന്നതിന്റെ ഉറവിടം മനസ്സിലാക്കുന്നതിനും കൂടുതൽ പേർ സംഘത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടത്തുന്നതിനുംവേണ്ടി പ്രതികവെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്ഐ നിയാസ് പറഞ്ഞു.