മീനില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ നിമിഷങ്ങള്‍ക്കകം കണ്ടെത്താനുള്ള സംവിധാനമായി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് വികസിപ്പിച്ചെടുത്ത കിറ്റ്, ഉപയോഗിച്ച് ആറു മാസം നടത്തിയ പരീക്ഷണം വിജയിച്ചതോടെ ഇതുപയോഗിച്ച് സംസ്ഥാനത്തെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ പരിശോധനയ്ക്കു തയാറെടുക്കുകയാണ്. മത്സ്യത്തില്‍ അമോണിയ, ഫോര്‍മാലിന്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പെട്ടെന്നു തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ കഴിയും.
മത്സ്യം കേടാകുന്നത് ഒഴിവാക്കാന്‍ ഫോര്‍മാലിനും അമോണിയയും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുന്ന ഇവയുടെ ഉപയോഗം കണ്ടെത്താന്‍ എളുപ്പമാര്‍ഗമില്ലാത്തത് മൂലം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ കാര്യക്ഷമമാകാറില്ല. ഈ പ്രശ്നം മറികടക്കാന്‍ സ്ട്രിപ്പ്, രാസലായനി, നിറംമാറുന്നത് ഒത്തുനോക്കാനുള്ള കളര്‍ ചാര്‍ട്ട് എന്നിവയടങ്ങിയ കിറ്റ് പ്രയോജനപ്പെടും.കിറ്റിന്റെ ഭാഗമായി ലഭിക്കുന്ന ചെറിയ സ്ട്രിപ്പ് മീനില്‍ അമര്‍ത്തിയ ശേഷം അതിലേക്ക് ഒരു തുള്ളി രാസ ലായനി ഒഴിക്കണം. മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ സ്ട്രിപ്പിന്റെ നിറം മാറും.
ഫോര്‍മാലിന്‍, അമോണിയ എന്നിവ കണ്ടെത്താന്‍ രണ്ടുകിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. നൂറ് രൂപയാണ് ഒരു കിറ്റിന്റെ വില. ഒരു കിറ്റില്‍ 50 സ്ട്രിപ്പുകളാണുണ്ടാകുക.