കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ ഗൗരി നേഖയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ അധ്യാപികമാര്‍ക്ക് പൂച്ചെണ്ട് നല്‍കിയും കേക്ക് മുറിച്ചും നല്‍കിയ വരവേല്‍പ്പില്‍ പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ നിര്‍ദ്ദേശം. കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് നിര്‍ദ്ദേശം നല്‍കിയത്. അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡി.ഡി.ഇ കൈമാറിയ കത്തില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഗൗരി നേഘ എന്ന വിദ്യാര്‍ഥിനി അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.സംഭവം വിവാദമായതോടെ വിദ്യാര്‍ഥി യുവജന പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണ വിധേയരായ അധ്യാപികമാരെ സസ്പന്റ് ചെയ്തിരുന്നു. തിരിച്ചെത്തിയ അധ്യാപികമാരെ കേക്ക് മുറിച്ച് ആഘോഷമാക്കിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്