ദുരിതം പേറുന്ന കര്‍ഷകരുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിച്ച് വരള്‍ച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ പ്രാബല്യത്തിലായി.
വിജ്ഞാപനമനുസരിച്ച് വരള്‍ച്ചദുരിതാശ്വാസമായി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മാത്രമല്ല നിലവിലുണ്ടായിരുന്നവ നഷ്ടപ്പെടുത്തുകയും ചെയ്യും.രണ്ട് തരത്തിലാണ് വരള്‍ച്ച ദുരിതാശ്വാസ ഫണ്ടുകള്‍ അനുവദിക്കുന്നത്. കലാമിറ്റി റിലീഫ് ഫണ്ട് (സിആര്‍എഫ്), നാഷണല്‍ കലാമിറ്റി കണ്ടിജന്‍സി ഫണ്ട് (എന്‍സിസിഎഫ്) എന്നീ ഖണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തി അടിയന്തര ഘട്ടങ്ങളില്‍ അനുവദിച്ചിരുന്ന സഹായധനം പുതിയ ചട്ടങ്ങള്‍ പ്രകാരം അനുവദിക്കാന്‍ കഴിയില്ല. ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നില്ലെന്ന പേരില്‍ ദുരിതാശ്വാസ ഫണ്ടുകള്‍ അനുവദിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞുമാറാനുള്ള എല്ലാ പഴുതുകളും പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2009 ലെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചാണ് കര്‍ഷകര്‍ക്ക് മറ്റൊരു ദുരന്തം കൂടി മോഡി സര്‍ക്കാര്‍ സമ്മാനിച്ചത്.കേരളം പോലുള്ള സംസ്ഥാനങ്ങളെയും രാജ്യത്ത് ഏറ്റവുമധികം കാര്‍ഷിക ദുരന്തം നടക്കുന്ന വിദര്‍ഭ, മറാത്ത്‌വാഡ പോലുള്ള പ്രദേശങ്ങളെയും കാര്‍ഷിക സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ് വിജ്ഞാപനമെന്ന് ആക്ഷേപം ശക്തമായിക്കഴിഞ്ഞു.
ദുരിതാശ്വാസത്തിനായി ചെലവാക്കേണ്ട തുക സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി കണ്ടെത്തണം. ഇത് സംസ്ഥാനങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കും.
പത്ത് വര്‍ഷത്തിനിടെ ലഭിച്ച മഴയുടെ അടിസ്ഥാനത്തിലാകും ഇനി മുതല്‍ വരള്‍ച്ചയുടെ തോത് തീരുമാനിക്കുന്നത്. കൂടാതെ കാര്‍ഷികോല്‍പാദനത്തിന്റെ അളവ് നിശ്ചയിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാകും. നിലവിലുള്ള സമ്പ്രദായത്തില്‍ 9,000 ഗ്രാമങ്ങള്‍ക്ക് വരള്‍ച്ചാ ദുരിതാശ്വാസ സഹായം ലഭിക്കുന്നുവെങ്കില്‍ പുതിയ സംവിധാനം വരുന്നതോടെ 3,500 ഗ്രാമങ്ങളായി കുറയും. 136 താലൂക്കുകള്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ കേന്ദ്രത്തിന് മുമ്പെ പുതിയ ചട്ടങ്ങള്‍ നടപ്പാക്കിയ മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്ന് താലൂക്കുകളെ മാത്രമാണ് വരള്‍ച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോതമ്പ് കര്‍ഷകരെയും പുതിയ ചട്ടങ്ങള്‍ ഗുരുതരമായി ബാധിക്കും.