യുവതിയെ മതംമാറ്റിയ ശേഷം വിദേശത്ത് കൊണ്ടുപോയി ഐസിസിന്റെ ലൈംഗിക അടിമയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പറവൂര്‍ സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍. പെരുവാരം മന്ദിയേടത്ത് ഫയാസ് ജമാല്‍ (23), മാഞ്ഞാലി തലക്കാട്ട് വീട്ടില്‍ സിയാദ് (48) എന്നിവരെ പൊലീസും എന്‍.ഐ.എയും ചോദ്യംചെയ്തുവരികയാണ്. ഇന്നലെ പുലര്‍ച്ചെ ആലുവ ഡിവൈ.എസ് പിയുടെ നേതൃത്വത്തില്‍ വീട് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്.
മൊബൈല്‍ ഫോണടക്കം രേഖകള്‍ പിടിച്ചെടുത്തു. ഗള്‍ഫിലുള്ള കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് ഫയാസ് ജമാല്‍. മാഞ്ഞാലിയില്‍ യുവതിയെ താമസിപ്പിക്കുന്നതടക്കമുള്ള സഹായം നല്‍കിയത് സിയാദാണ്.
ഹിന്ദു മതത്തില്‍ നിന്നു നിര്‍ബന്ധിച്ച് മാറ്റിയശേഷം വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോകുകയും അവിടെ വച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഒരാഴ്ച മുമ്പ് പറവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗുജറാത്തില്‍ പോയി യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗളൂരുവിലെ ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും കേസിലുള്‍പ്പെടുന്നു. കണ്ണൂര്‍ സ്വദേശികളായ നാലു പേരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.