വാട്‌സ് ആപ്പ് സന്ദേശത്തില്‍ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ യുവതി ബിജെപി നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ (20)യാണ് ജനുവരി 6 ന് മുറിയില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു.
ജാതിയുടെയും മതത്തിന്‍റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ത്തല്ലുന്നതിനെ കുറിച്ച് ധന്യശ്രീ സുഹൃത്തായ സന്തോഷും തമ്മില്‍ വാട്‌സാപ്പില്‍ നടന്ന തര്‍ക്കത്തിനിടെയാണ് മുസ്ലിംങ്ങളെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ധന്യശ്രീ പറഞ്ഞത്. എന്നാൽ, രോഷാകുലനായ സന്തോഷ് മുസ്‌ലിംകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് ചെയ്തു.
ബിജെപിയുടെ യുവജന വിഭാഗം നേതാവ് അനില്‍രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ധന്യയെയും അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നു. മുസ്ലീങ്ങളോട് ഒരു തരത്തിലുള്ള സൗഹൃദവും പാടില്ലെന്ന് വിലക്കി. സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ധന്യയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ഇതിന് പിന്നാലെ ധന്യയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷിനെയും മറ്റു മൂന്നു പേരെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്. സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കും.