മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. വഴിക്കടവിനടുത്ത് മണിമൂളിയിൽ വെച്ചായിരുന്നു സംഭവം.
അപകടത്തിൽ സ്ഥലത്തുണ്ടായിരുന്ന ചില നാട്ടുകാർക്കും പരിക്കേറ്റതായി സൂചനയുണ്ട്. ബസ് കാത്തുനിന്ന മണിമൂളി സികെഎച്ച്എസ്എസ് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു. മൂന്ന് കുട്ടികൾ അപകട സ്ഥലത്ത് തന്നെ മരിച്ചു.
10 ഓളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. കർണാടകയിൽ നിന്ന് കൊപ്രയുമായെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. വഴിക്കടവിന് സമീപം നിയന്ത്രണം വിട്ട ലോറി ഓട്ടോയിലും ബസിലും ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
മൃതദേഹങ്ങൾ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മരിച്ച രണ്ടാം പാലം സ്വദേശിയായ ഒരു വിദ്യാർത്ഥിയുടെ പേരുവിവരം വ്യക്തമല്ല. മുഹമ്മദ് ഷാമിൻ, ഫിദ എന്നീ മറ്റ് രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്.