സംസ്ഥാനത്ത് ആക്രമണം നടത്താൻ ആഹ്വാനംചെയ്ത് ഐ.എസ്. പ്രവര്‍ത്തകര്‍ അയച്ച ഇന്‍സ്റ്റാഗ്രാം സന്ദേശത്തെതുടര്‍ന്ന് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കലാപവും ഒറ്റപ്പെട്ട ആക്രമണങ്ങളും സംഘടിപ്പിക്കാന്‍ സംസ്ഥാനത്തെ ഐ.എസ്. സ്ലീപ്പര്‍ സെല്ലുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന തരത്തിലാണ് ശബ്ദ സന്ദേശം പുറത്തുവന്നത്.കാസര്‍കോഡുനിന്ന് ഐ.എസില്‍ ചേരുകയും അഫ്ഗാനിലെ നാംഗര്‍ഹാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതുന്ന അബ്ദുള്‍ റഷീദ് ഇന്‍സ്റ്റാഗ്രാം വഴി അയച്ച ശബ്ദസന്ദേശത്തിലാണ് സംസ്ഥാനത്ത് ആക്രമണത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. എന്‍.ഐ.എ.യുടെ നിര്‍ദേശത്തെതുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി പോലീസ് സേനകള്‍ക്ക് ജാഗ്രതാ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
നേരത്തെതന്നെ ഐ.എസ്. വിഭാഗത്തിന്റെ കേരള അമീര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സജീര്‍ മംഗലശ്ശേരിയുടെ പേരില്‍വന്ന ഭീഷണിക്കുശേഷം ഒരാഴ്ചയ്ക്കകം കൊച്ചിയില്‍ നടന്ന ജമാഅത്തെ ഇസ്ലാമിയുടെ യോഗത്തിന്റെ വേദി ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇടപെട്ട് മാറ്റിച്ചിരുന്നു. യോഗസ്ഥലത്ത് വാഹനം ഉപയോഗിച്ച് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്.
ഇത്തരം സാഹചര്യം എങ്ങനേയും നേരിടാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഏജന്‍സികള്‍. സന്ദേശം ലഭിച്ച കാസര്‍കോട്ടെ ബന്ധുക്കളാണ് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഏറെ ഗൗരവത്തോടെയാണിതിനെ കാണുന്നത്.