സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377 -ാം വകുപ്പുമായി ബന്ധപ്പെട്ട 2013 ലെ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയിരിക്കുന്നത്. കൂടാതെ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ നോട്ടീസ് അയക്കാനും ബെഞ്ച് തീരുമാനിച്ചു.
377-ാം വകുപ്പിന്റെ സാധുത കൂടുതല്‍ അംഗങ്ങളുള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് പരിശോധിക്കും. സ്വകാര്യത മൗലികാവകാശമായി പരിഗണിച്ചതിനെ തുടര്‍ന്നാണ് ഈ വിധിയും പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറായത്. എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍പെട്ട അഞ്ച് പേര്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് സുപ്രീം കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. 2009 ല്‍ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കി ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും 2013 ല്‍ ഈ വിധി സുപ്രീംകോടതി റദ്ദാക്കുകയും സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി വിധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലൈംഗീക താല്‍പര്യങ്ങള്‍ സ്വകാര്യതയുടെ ഭാഗമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. സ്വകാര്യതയും ലൈംഗിക താല്‍പര്യവും സംരക്ഷിക്കാനുളള അവകാശം ഭരണഘടനയുടെ 14,15, 21 എന്നീ വകുപ്പുകള്‍ പ്രകാരം മൗലീകാവകാശം ആണെന്നും അന്നത്തെ വിധിയില്‍ പറഞ്ഞിരുന്നു.
സെക്ഷന്‍ 377 സംബന്ധിച്ച വിധിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുളള തിരുത്തല്‍ ഹര്‍ജി ( ക്യുറേറ്റീവ് പെറ്റീഷന്‍) നിലവില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്. 2014 ലാണ് ഈ ആവശ്യം ഉന്നയിച്ച് നാസ് ഫൗണ്ടേഷന്‍ ഉള്‍പ്പടെയുളളവര്‍ കോടതിയെ സമീപിച്ചത്.