ഹരിപ്പാട്: ജലജാ വധക്കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. പീഡനശ്രമം എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സുജിത് പറഞ്ഞു.സംഭവ ത്തിനു ശേഷം വീടിൻറെ മുകളിലെ നിലയിലെ കുളിമുറിയിൽ പോയി കുളിച്ചുവെന്നും പ്രതി വ്യക്തമാക്കി . ബുധനാഴ്ച വൈകുന്നേരം ജലജയുടെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പ്രതി കൃത്യം വിവരിച്ചത്.മാവേലിക്കര സബ് ജയിലില്‍ നിന്ന് സുജിതിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് ഹരിപ്പാട് കോടതിയിലെത്തിച്ച പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് എന്‍ടിപിസി ഗസ്റ്റ് ഹൗസില്‍ എത്തിച്ച് ചോദ്യം ചെയ്തു. പിന്നീടാണ് ജലജാ സുരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
2015 ഓഗസ്റ്റ് 13നാണ് ജലജ കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന സുജിത് ജലജയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തെത്തി അവരെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ശക്തമായി എതിര്‍ത്തതോടെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം മുകള്‍ നിലയിലെ കുളി മുറിയിപ്പോയി കുളിക്കുകയും ചെയ്തു.
ജലജയുടെ മൊബൈലും സംഭവ സമയത്ത് താന്‍ ധരിച്ച ഷര്‍ട്ടും പ്രതി പല്ലന കുമാരകോടി ഭാഗത്ത് കടലില്‍ എറിഞ്ഞതായാണ് മൊഴി. ഇതനുസരിച്ച് വ്യാഴാഴ്ച രാവിലെ പ്രതിയുമായി കുമാരകോടിയിലെത്തി തെളിവെടുക്കും. ജലജയുടെ സിം കാര്‍ഡ് ഇവിടെ വെച്ച് പ്രവര്‍ത്തനക്ഷമമായതായി കണ്ടെത്തിയിരുന്നു.