കോട്ടയം: നിലം നികത്തി റോഡ് നിര്‍മ്മിച്ചുവെന്ന പരാതിയില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കോട്ടയം വിജിലന്‍സ് എസ്.പി സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തോമസ് ചാണ്ടി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചു, ചട്ടം ലംഘിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു തുടങ്ങി ആരോപണങ്ങള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അത് ഈ മാസം 18ന് കോടതിയില്‍ സമര്‍പ്പിക്കാനും വിജിലന്‍സിന് നിര്‍ദേശമുണ്ട്. വലിയകുളം-സിറോ ജെട്ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് രഹസ്യ സ്വഭാവത്തോടെ പരിഗണിക്കണമെന്ന് വിജിലന്‍സിന്റേയും സര്‍ക്കാര്‍ അഭിഭാഷകന്റെയും വാദം കോടതി തള്ളി. മുന്‍മന്ത്രിയും ഐ.എ.എസ് ഉദ്യോഗസ്ഥരും മറ്റ് ഉന്നതും ഉള്‍പ്പെട്ട കേസായതിനാലാണ് പരസ്യമായ കോടതിയില്‍ പരിഗണിക്കുന്നതിനെ എതിര്‍ക്കുന്നതെന്നായിരുന്നു വിജിലന്‍സിന്റെ വാദം. ഇത് തള്ളിയ കോടതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഉടന്‍ തന്നെ കേസെടുത്ത് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച് ഒരു ഉത്തരവ് വേണമെന്നും വിജിലന്‍സ് അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരനായ സുഭാഷ് പറഞ്ഞു.