ടാറ്റാ ബിസിനസ് സാമ്രാജ്യത്തില്‍ ജഹാംഗിര്‍ രതഞ്ജലിഭായ് ദാദാബായ് ടാറ്റാ എന്ന ജെആര്‍ഡി ടാറ്റ വിഹായസിലേക്ക് പറന്നുയര്‍ത്തിയ എയര്‍ ഇന്ത്യ പ്രധാനമന്ത്രി മോഡി റണ്‍വേയില്‍ ഇടിച്ചിറക്കുന്നു.
ഗള്‍ഫ് വിമാനക്കമ്പനികളുമായുള്ള കച്ചവട ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ അതാകും ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ആകാശദുരന്തം. ഒറ്റ എന്‍ജിനുള്ള ഡിഹാവിലാന്‍ഡ് പുസ്‌മോത്ത് വിമാനത്തില്‍ 1932 ഒക്‌ടോബര്‍ 15ന് കറാച്ചിയില്‍ നിന്നും അദ്ദേഹം മുംബൈയിലെ ജുഹുഎയര്‍സ്‌കിപ്പിലേക്ക് പറന്നിറങ്ങിയത് സിവില്‍ വ്യോമയാന ചരിത്രത്തിന്റെ ഒരു മഹാനിധി കുംഭവുമായിട്ടായിരുന്നു. തപാലുരുപ്പടികള്‍ കൈകാര്യം ചെയ്യുന്ന എയര്‍ ഇന്ത്യ വിമാനക്കമ്പനിയുടെ പിറവി അങ്ങനെയായി. ടാറ്റ ആദ്യത്തെ ഇന്ത്യന്‍ പൈലറ്റുമായി ചരിത്രത്തില്‍ ഇടംപിടിച്ചു. പിന്നീട് അത് സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പതാക വാഹക വിമാനക്കമ്പനിയായി. കുക്കവരച്ച എയര്‍ ഇന്ത്യാ മഹാരാജാവിന്റെ മുദ്രയുമായി ഇപ്പോള്‍ നൂറോളം വിദേശവിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ ആഗോളവ്യോമയാന ഭൂപടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി അഭിമാനം ത്രസിക്കുന്ന അടയാളങ്ങള്‍ ചാര്‍ത്തി.ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ആദ്യവിമാനക്കമ്പനിയെന്ന ബഹുമതിയും എയര്‍ ഇന്ത്യയ്ക്ക് സ്വന്തം. സദാംഹുസൈന്റെ കുവൈറ്റിലെ ഇറാഖ് അധിനിവേശക്കാലത്ത് 59 ദിവസങ്ങളില്‍ തുടര്‍ച്ചയായ 488 ഫ്‌ളൈറ്റുകളിലൂടെ എയര്‍ ഇന്ത്യ നടത്തിയ രക്ഷാദൗത്യത്തില്‍ ഇറാഖില്‍ നിന്നും കുവൈറ്റില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത് 1,11,000 ഇന്ത്യാക്കാരെ. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു പുതിയൊരു വ്യോമയാന ചരിത്രം ചമച്ച എയര്‍ ഇന്ത്യ ഒടുവില്‍ മോഡി ഭരണത്തിന്‍കീഴില്‍ പിന്നെയും റിക്കാര്‍ഡില്‍ ഇടംപിടിക്കാന്‍ പോകുന്നു. ലോകത്ത് ഏറ്റവുമധികം നഷ്ടം വാരിക്കൂട്ടിയ വിമാനക്കമ്പനിയെന്ന ബഹുമതിയോടെ.