തിരുവനന്തപുരം അമ്പലമുക്കിലെ വീട്ടമ്മയുടെ കൊലപാതക കേസിൽ മകന്‍ അക്ഷയ് അശോകിനെ റിമാന്‍ഡ് ചെയ്തു. അതേസമയം കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഇയാളെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ നാലാഞ്ചിറയിലെ ഐസ്‌ക്രീം പാര്‍ലറിലും അമ്പലമുക്കിലെ വീട്ടിലും വീണ്ടും എത്തിച്ച് തെളിവെടുക്കും. വിദേശത്ത് നിന്ന് എത്തിയ മകള്‍ അനഘയും ദീപയ്ക്ക് എതിരായി മൊഴി കൊടുത്തതായാണ് സൂചന. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. എല്‍ഐസി ഏജന്റായി ജോലി ചെയ്യുന്നത് ദീപ അവസാനിപ്പിക്കണമെന്ന് അശോകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരിത് ചെവിക്കൊണ്ടില്ല. ദീപയും ഭര്‍ത്താവും മക്കളും തമ്മില്‍ രണ്ട് വര്‍ഷത്തിലധികമായി പരസ്പരം മിണ്ടിയിരുന്നില്ല.അമ്മയെ കൊന്ന് കത്തിച്ച ശേഷം ഇയാള്‍ സുഹൃത്തുക്കളുമായി നാലാഞ്ചിറയിലെ ഐസ്‌ക്രീം പാര്‍ലറില്‍ എത്തിയതായി മൊഴി നല്‍കിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ഉച്ച കഴിഞ്ഞാണ് അക്ഷയ് അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്.
ദീപ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് അശോകനും മകള്‍ അനഘയും പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ എത്തി അക്ഷയിനെ കണ്ടിരുന്നു. അവരോട് താന്‍ നിരപരാധിയാണെന്നും തനിക്കൊന്നും അറിയില്ലെന്നുമാണ് അക്ഷയ് പറഞ്ഞത്. അമ്മയെ കാണാനില്ലെന്ന് ക്രിസ്മസ് ദിനത്തില്‍ അക്ഷയ് സഹോദരിയെ അറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് കയ്യബദ്ധം പറ്റിയെന്ന് ഇയാള്‍ പിറ്റേന്ന് സന്ദേശം അയച്ച വിവരം പോലും മറന്നിരുന്നു.
ദീപയുടെ മൃതദേഹം കത്തിച്ചതിനൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന ഫോണും അക്ഷയ് ചുട്ടെരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ബെഡ് ഷീറ്റും വീട്ടിലെ കാര്‍പറ്റും കത്തിച്ചു കളഞ്ഞു. ദീപയുടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു പുരുഷ സുഹൃത്തുമായുള്ള സംഭാഷണം ഒരിക്കല്‍ അക്ഷയ് കേട്ടിരുന്നതായും അത് വൈരാഗ്യം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ സ്വസ്ഥത നശിപ്പിച്ചത് അമ്മയുടെ ഫോണ്‍ ബന്ധങ്ങളാണെന്ന് അക്ഷയ് വിശ്വസിച്ചിരുന്നു ഇതേതുടര്‍ന്നാണ് ഇയാള്‍ ഫോണ്‍ സഹിതം കത്തിച്ചു കളഞ്ഞത്.