ദുബായ്: പാചകത്തിൻറെ പേരിൽ തുടങ്ങിയ സഹപ്രവർത്തകരുടെ തർക്കം ചെന്നെത്തിയത് കൊലപാതകത്തിൽ. അൽ ഖ്വാസ് ഇൻഡ്രസ്ട്രിയൽ ഏരിയ 2ലെ ലേബർ ക്യാംപിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരനായ യുവാവാണ് ഏഷ്യൻ സ്വദേശിയായ സഹപ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയത് . ഇത്തരമൊരു സംഭവം ഉണ്ടായെന്ന വിവരത്തെ തുടർന്ന് ദുബായ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ 29 വയസുള്ള ഏഷ്യൻ സ്വദേശിയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു . ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു.കൊല്ലപ്പെട്ട വ്യക്തിയും കൃത്യം നടത്തിയ ആളും തമ്മിൽ വരാന്തയിൽ ശക്തമായ വാദപ്രതിവാദത്തിൽ ഏർപ്പെടുന്നത് കണ്ടുവെന്ന് പാക്കിസ്ഥാന്‍ സ്വദേശിയായ സൂപ്പർവൈസർ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി. രക്തം കലർന്ന വസ്ത്രങ്ങളുമായി ഇന്ത്യക്കാരൻ ഒാടി പോയി. തുടർന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയെങ്കിലും ഇലക്ട്രിക് വയറിൽ കുടുങ്ങി. മറ്റു സഹപ്രവർത്തകർ ചേർന്ന് ഇയാളെ പിടിച്ചുവയ്ക്കുകയായിരുന്നു. ഇയാൾക്ക് നേരിയ പരുക്കുണ്ട്– സൂപ്പർൈവസർ തുടർന്നു.
നിലവിളികേട്ട് ചെന്നു നോക്കിയപ്പോൾ മരിച്ച വ്യക്തി രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും ലേബർ ക്യാംപിന്റെ ചുമതലയുള്ള വ്യക്തി പറഞ്ഞു. മരിച്ചയാളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കുത്തേറ്റിരുന്നു. അടുക്കളയിൽ ആദ്യം ആരു പാചകം ചെയ്യുമെന്നതിനെ ചൊല്ലി തർക്കമുണ്ടായെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത് എന്നാണ് വിവരം. മരിച്ച വ്യക്തിയും പ്രതിയും രണ്ടുമാസം മുൻപുവരെ സുഹൃത്തുക്കളായിരുന്നു. പിന്നീട്, മദ്യപിച്ച് ഇരുവരും തമ്മിൽ തെറ്റുകയും പരസ്പരം മിണ്ടാതിരിക്കുകയും ആയിരുന്നുവെന്ന് ഒപ്പം താമസിക്കുന്നവർ പറഞ്ഞു.
സംഭവ ദിവസം ഇരുവരും തമ്മിൽ അടുക്കളയിൽ വച്ച് വലിയ തർക്കമുണ്ടായി. തുടർന്ന് ഏഷ്യക്കാരൻ ശുചിമുറിയിൽ പോയി തിരികെ വന്നു. അപ്പോൾ ഇന്ത്യക്കാരന്‍ ഇയാളെ ആക്രമിച്ചു. ഈ സമയം കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഏഷ്യക്കാരനും തിരികെ ആക്രമിച്ചു. ഈ കത്തി തട്ടിപ്പറിച്ചാണ് ഇന്ത്യക്കാരൻ കൊലപാതകം നടത്തിയത് എന്നാണ് പൊലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ട്. സംഭവ ദിവസം തന്നെ പ്രതി യുഎഇ വിടാൻ ഒരുങ്ങിയിരുന്നു.