ന്യൂഡൽഹി: ഓഖി ദുരന്തബാധിതരെ കാണാൻ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനം. അദ്ദേഹം തിരുവന്തപുരത്ത് ഒരു മണിക്കൂര്‍ മാത്രമേ തങ്ങൂ എന്നാണ് പുതിയ വിവരം. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണും. ഇവിടെ വച്ചുതന്നെ മല്‍സ്യതൊഴിലാളി കുടുംബങ്ങളെയും മോദി കാണുമെന്നാണു സൂചന.തിരുവനന്തപുരത്തിനു പുറമെ ലക്ഷദ്വീപും കന്യാകുമാരിയും അദ്ദേഹം സന്ദര്‍ശിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. പ്രധാനമന്ത്രി കേരളത്തിലെത്തണമെന്നും ഓഖി ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ സഭയടക്കം വിവിധ സംഘടനകള്‍ ആദ്യം മുതൽക്കേ ആവശ്യപ്പെട്ടിരുന്നു. ഇതിനൊടുവിലാണ് തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ കൊച്ചിയിലെത്താനും ചൊവ്വാഴ്ച തിരുവനന്തപുരത്തെ ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും എത്തുന്നത്. സംസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധി പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലാണ് ദുരിതബാധിതരെ കണ്ടത്. ഇവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് രാഹുലിനെ സ്വീകരിക്കാനും ആവലാതികൾ അറിയിക്കാനും എത്തിയത്. തുടർന്ന് കന്യാകുമാരി ജില്ലയിലെ ഓഖി ദുരിതബാധിതരെയും രാഹുൽ സന്ദർശിച്ചിരുന്നു.

പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി മുൻപ് സംസ്ഥാനം സന്ദർശിച്ചത്. ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഇവിടെയെത്തിയ മന്ത്രി, കാണാതായ അവസാന മൽസ്യത്തൊഴിലാളിയേയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിച്ചില്ലെന്ന് പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു.