അറ്റ്‌ലസ് രാമചന്ദ്രന്റെ ജയിലിലെ ഇപ്പോഴത്തെ സ്ഥിതി അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്.കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും അദ്ദേഹത്തെ വല്ലാതെ അലട്ടിയിരിക്കുന്നു . വീൽചെയറിലാണ് ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നത് . രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫിലെ മലയാളി ബിസിനസ് അതികായകരുടെ പട്ടികയിലായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് എല്ലാവര്‍ഷവും അച്ഛന്റെ പേരില്‍ അക്ഷരശ്ലോക മത്സരം സംഘടിപ്പിച്ച് സ്വര്‍ണപ്പതക്കങ്ങള്‍ സമ്മാനിക്കുമായിരുന്നു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയുമായി ബന്ധമുള്ള ഒട്ടെറെ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പിന്നിലെ സാമ്പത്തിക സ്രോതസുമായിരുന്നു. ഇടയ്ക്കിടെയുള്ള കേരള സന്ദർശിക്കാനെത്തുന്ന അദ്ദേഹത്തെ കാണാനായി പ്രമുഖരും സംഘടനാസാരഥികളും കാത്തുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു . സിനിമാ നിര്‍മാതാവ്, നടന്‍, സംവിധായകന്‍ എന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ അമരക്കാരന്‍.എന്നാൽ അദ്ദേഹത്തിൻറെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമായിക്കൊണ്ടിരിക്കുകയാണ് . വെള്ളിയാഴ്ചകളില്‍ പ്രത്യേക അനുമതിയോടെ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കുന്ന ചുരുക്കം മലയാളി സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങി നല്‍കും. ഇത് ആര്‍ത്തിയോടെ ഭക്ഷിക്കുന്നതു കണ്ട് അവരുടെ കണ്ണുനിറയും.ഭാര്യ ഇന്ദിരയുടെ അവസ്ഥയും ഏറെ കരളലിയിപ്പിക്കുന്നതാണ് , രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. വീടിന്റെ വാടക പോലും കൊടുക്കാന്‍ കഴിയാതെ ഏതു നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന ഭീതിയിലാണ് ഭാര്യ.
കവിയും അക്ഷരശ്ലോക വിദ്വാനുമായ വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂെലെ 31 ന് ജനിച്ച രാമചന്ദ്രന്‍ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കില്‍ ഡല്‍ഹി ഓഫീസില്‍ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എന്‍.ആര്‍.ഐ. ഡിവിഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഗള്‍ഫിലേക്കു ചേക്കേറുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നു ജനങ്ങള്‍ കൗതുകത്തോടെ കണ്ട സ്വന്തം പരസ്യത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടമുറപ്പിച്ച അറ്റ്‌ലസ് ജൂവല്ലറി 1980 – ന്റെ തുടക്കത്തില്‍ കുെവെത്തിലായിരുന്നു ആരംഭം.
പിന്നീട് അസൂയ വളര്‍ത്തുന്ന വിധത്തിലായിരുന്നു രാമചന്ദ്രന്റെ വളര്‍ച്ച. യു.എ.ഇ. യിലെ ഷാര്‍ജ, അബുദാബി, റാസല്‍െഖെമ, അല്‍ – ഐന്‍ എന്നീ നഗരങ്ങളില്‍ നിരവധി ഷോറൂമുകള്‍ക്ക് പുറമെ സൗദി അറേബ്യയിലും കുെവെത്തിലും ദോഹയിലും മസ്‌കറ്റിലും ഖത്തറിലുമായി നാല്‍പതോളം വിദേശ ഷോറൂമുകള്‍. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകള്‍. സ്വര്‍ണ വിപണിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണു സിനിമാ മേഖലയും രാമചന്ദ്രന്‍ കയ്യടക്കുന്നത്.
1988 ല്‍ മലയാള സിനിമയില്‍ ചരിത്രം കുറിച്ച ”െവെശാലി” എന്ന ചിത്രത്തിനൊപ്പം മോഹന്‍ലാലിനു പുരസ്‌കാരം നേടിയെടുത്ത വാസ്തുഹാര, ധനം എന്നിവയുടെയും മമ്മൂട്ടിയുടെ സുകൃതവും ഉള്‍പ്പെടെ ഒട്ടേറെ സിനിമകളുടെയും നിര്‍മാതാവായിരുന്നു. അക്കാലത്ത് സിനിമാ മേഖലയില്‍ ഇദ്ദേഹം അറിയപ്പെട്ടത് െവെശാലി രാമചന്ദ്രന്‍ എന്ന പേരിലായിരുന്നു. ആനന്ദ െഭെരവി, അറബിക്കഥ, സുകൃതം, മലബാര്‍ വെഡ്ഡിങ്, ഹരിഹര്‍നഗര്‍ 2, തത്ത്വമസി, ബോംബെ മിഠായി, ബാല്യകാലസഖി എന്നീ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമ സംവിധാനം ചെയ്തു. ജുവലറി ബിസിനസില്‍ നിന്നു മാത്രം 3.5 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വാര്‍ഷിക വിറ്റുവരവ് കൊയ്ത രാമചന്ദ്രന്‍ മസ്‌കറ്റില്‍ രണ്ട് ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി.
ഗള്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. രാമചന്ദ്രന്‍ നടത്തിയ ഭൂമിയിടപാടുകളില്‍ താല്‍പ്പര്യമുണ്ടായിരുന്ന മലയാളിയായ മറ്റൊരു ബിസിനസ് പ്രമുഖനുമായി കൊമ്പുകോര്‍ത്തതാണ് വിനയായത്. ഗള്‍ഫിലെ രാജകൊട്ടാരങ്ങളില്‍ പോലും സ്വാധീനമുള്ള ഈ പ്രമുഖനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ രാമചന്ദ്രന്റെ തകര്‍ച്ച ആസന്നമാണെന്ന പ്രചാരണം നടത്തി. ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പോലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ദുബായ് പോലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ മകള്‍ ഡോ. മഞ്ജുവിനെയും മരുമകനെയും മറ്റു കുറ്റങ്ങള്‍ചുമത്തി തടവിലാക്കി. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. മസ്‌കറ്റിലും മറ്റുള്ള ആശുപത്രികള്‍ കിട്ടുന്ന വിലയ്ക്കു വിറ്റ് ബാങ്കുകളുടെ തവണ മുടക്കം തീര്‍ത്തു ജയിലിനു പുറത്തിറങ്ങാന്‍ രാമചന്ദ്രന്‍ നടത്തിയ നീക്കവും ഇടഞ്ഞുനില്‍ക്കുന്ന ഉന്നതന്റെ കരുനീക്കത്തില്‍ തകര്‍ന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു കേസില്‍ മാത്രമാണ് വിധിയായിട്ടുള്ളത്.
നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അദ്ദേഹം ജയിലിലായതോടെ ബിസിനസ് സാമ്രാജ്യം തകര്‍ന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാന്‍ അഞ്ചിലൊന്ന് വിലയ്ക്കു ഡയമണ്ട് ആഭരണങ്ങള്‍ വിറ്റുതീര്‍ക്കേണ്ട ഗതികേടും കുടുംബത്തിനുണ്ടായി. സര്‍വവും നശിച്ച് മാനസികരോഗിയുടെ രൂപസാദൃശ്യത്തിലാണ് അദ്ദേഹം. വിരലിലെണ്ണാവുന്ന അടുത്ത സുഹൃത്തുക്കളൊഴിച്ച് ആപത്തുകാലത്ത് തിരിഞ്ഞുനോക്കാന്‍ ആരുമില്ല.