ബെംഗളുരു: സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസര ആഘോഷത്തിന് അനുമതി നിഷേധിച്ചതിന് വിശദീകരണവുമായി കർണാടക സർക്കാർ. ഇത് കന്നഡ സംസ്കാരത്തിന് എതിരാണെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു.കർണാടകയുടെ സംസ്കാരത്തോടും സാഹിത്യത്തോടും ബന്ധമുള്ള പരിപാടികളാണ് സംഘാടകർ നടത്തേണ്ടത്. അവരെ (സണ്ണിയെ) ഇവിടെ കൊണ്ടുവരരുത്. ‘ഇതുപോലുള്ള പരിപാടികൾക്ക് അനുമതി കൊടുക്കരുതെന്ന് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. ഇത്തരം പരിപാടിക്ക് ജനം എതിരാണ്അതാണ് നമ്മുടെ പാരമ്പര്യം’– രാമലിംഗ റെഡ്ഡി വിശദീകരിച്ചു.സണ്ണിയുടെ പരിപാടിക്ക് പകരം സംഗീതക്കച്ചേരിയോ ഭരതനാട്യമോ പോലുളള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കണം. സണ്ണിയുടെ പരിപാടി മാത്രം ഒഴിവാക്കി മുൻനിശ്ചയിച്ച പോലെ പുതുവർഷാഘോഷം നടത്താമെന്നു മന്ത്രി പറഞ്ഞതായും റിപ്പോർട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ സണ്ണി ലിയോണിന് അനുമതി നൽകരുതെന്ന് പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
സണ്ണിയുടെ നൃത്തപരിപാടിക്കെതിരെ കുറച്ചുനാളുകളായി ചില സംഘടനകൾ പ്രതിഷേധത്തിലാണ്. കർണാടക രക്ഷണ വേദിക ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധ പ്രകടനത്തിനുശേഷം നടിയുടെ പോസ്റ്ററുകൾ കത്തിച്ചിരുന്നു. സണ്ണിയുടെ പ്രകടനം പൊതുജനങ്ങളെ വഴി തെറ്റിക്കുമെന്നാണ് ആരോപണം. പ്രതിഷേധക്കാർ കൂട്ട ആത്മഹത്യാ ഭീഷണിയും മുഴക്കി. ഇതോടെയാണ് പരിപാടി റദ്ദാക്കാൻ സർക്കാർ തയാറായത്.
അതേസമയം, സണ്ണിയുടെ പരിപാടി നഗ്നനൃത്തമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അണിയറക്കാരായ ദ ടൈം ക്രിയേഷൻസ് എംഡി എം.എസ്.ഹരീഷ് പറഞ്ഞു. കുടുംബങ്ങൾക്കു വേണ്ടിയുള്ള ചടങ്ങാണിത്. കന്നഡ റാപ്പർമാരുടെ പ്രകടനവുമുണ്ട്. താനും കന്നഡിഗയാണെന്നും അദ്ദേഹം പറഞ്ഞു. നൃത്തപ്രകടനത്തിനു ശേഷം സണ്ണി പുതുവൽസര കേക്ക് മുറിക്കുന്ന തരത്തിലായിരുന്നു ചടങ്ങ് തീരുമാനിച്ചിരുന്നത്.