തിരുവനന്തപുരം: കന്നിചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത് സംവിധായകനാണ് അരുൺ ഗോപി. ദിലീപിന്റെ അറസ്റ്റുണ്ടാക്കിയ പ്രതിസന്ധയിൽ നിന്ന് മലയാള സിനിമ മറ്റൊരു തലത്തിലെത്തിച്ചത് അദ്ദേഹത്തിൻറെ രാമലീലയാണ് . സംവിധായകൻറെ വേഷത്തിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാനായ അദ്ദേഹം അഭിനയ രംഗത്തേക്ക് കൂടി ചുവടു വെയ്ക്കുന്നു വെന്ന വാർത്തയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രതീഷ് രഘുനന്ദൻ എന്ന മാധ്യമ പ്രവർത്തകൻ സംവിധാനം നിർവഹിക്കുന്ന ക്രൈം ത്രില്ലറിലാണ് അരുൺ ഗോപി നായക വേഷത്തിലെത്തുന്നത് . അമൃതാ ടിവിയിലും റിപ്പോർട്ടറിലും മീഡിയാ വണ്ണിലും റിപ്പോർട്ടറായിരുന്ന രതീഷ് ഗൾഫിൽ ആർ ജെ ആയിരുന്നു. രതീഷും അരുൺ ഗോപിയും തമ്മിൽ ചർച്ചകൾ പൂർത്തിയാക്കിയെന്നാണ് സൂചന. ശ്രീവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് സിനിമ നിർമ്മിക്കുന്നത്.അന്താരാഷ്ട്ര ചലച്ചിത്രോൽസവവുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങളായി അരുൺ ഗോപി തിരുവനന്തപുരത്തുണ്ട്. ഇതിനിടെയിലാണ് അഭിനയിക്കാൻ അരുൺ ഗോപി സമ്മതം മൂളിയത്.ചിത്രത്തിൻറെ പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട് . സിനിമ അടുത്ത വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങും. ലൊക്കേഷൻ അടക്കമുള്ളവയിൽ അന്തിമ തീരുമാനം ഉടനെടുക്കും. കൊച്ചിയും ബംഗളുരുവുമാകും പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ കഥയും വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കാനാണ് അണിയറ പ്രവർത്തകർക്കിടയിലെ തീരുമാനം.
അരുൺഗോപിയുടെ അഞ്ചുവർഷത്തെ പരിശ്രമഫലമായിരുന്നു രാമലീല. അതും പ്രതിസന്ധികളുടെയും ഭീഷണികളുടെയും നടുവിലാണ് സിനിമറിലീസ് ചെയ്തത്. മലയാള സിനിമയിലെ ഒരു സംവിധായകനും കടന്നുപോകാത്ത വളരെ ദുർഘടമായ നിമിഷങ്ങളോടെയാണ് ഈ സംവിധായകൻ കടന്നു പോയത് .ഇതിനു രാമലീലയ്ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി വീണ്ടുമെത്തുന്നുവെന്ന വാർത്തയുമെത്തി.അരുൺ ഗോപി തന്നെ ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്. രാമലീലയുടെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. അതിനിടെയാണ് അരുൺ ഗോപി നായകനാകുന്ന വാർത്തയെത്തുന്നത്. മോഹൻലാൽ സിനിമയുടെ കാര്യത്തിൽ അന്തിമ സൂചനകളൊന്നും പുറത്തു വന്നിട്ടില്ല. അതിനിടെയാണ് രാമലീല സംവിധായകൻ നായകനാകാൻ സമ്മതം മൂളുന്നത്. അടുത്ത സിനിമയുടെ സംവിധാനത്തിന് ശേഷമായിരിക്കും അഭിനയമെന്നാണ് ലഭിക്കുന്ന സൂചന. ജെയിംസ് ആൻഡ് ആലീസ്, പോക്കീരി സൈമൺ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് കൃഷ്ണൻ സേതുകുമാർ.
മാധ്യമ പ്രവർത്തകനായ രതീഷ് മുമ്പ് സിനിമയുമായി നേരിട്ട് സഹകരിച്ചിട്ടില്ല. രതീഷ് തന്നെയാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥാ, സംഭാഷണവും ഒരുക്കുന്നത്. നായിക ആരെന്ന കാര്യത്തിൽ തീരുമാനമായില്ല. അണിയറ പ്രവർത്തകെ കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുന്നതേ ഉള്ളൂ.അരുൺ ഗോപി അഭിനയിക്കാൻ സമ്മതം മൂളിയതോടെ കൂടുതൽ വേഗത കാര്യങ്ങൾക്ക് വരുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. കഥയിലെ പുതുമയും അത് സിനിമയാകുന്നതിലെ സാധ്യതയും തിരിച്ചറിഞ്ഞാണ് അഭിനയിക്കാൻ അരുൺ ഗോപി സമ്മതം മൂളിയിരിക്കുന്നത്. കഥയും തിരക്കഥയും പൂർത്തിയായെന്നും അത് അരുൺ ഗോപി വായിച്ചെന്നുമാണ് ലഭിക്കുന്ന സൂചന.