മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയെങ്കില്‍, ഇങ്ങ് അറബിനാട്ടില്‍ മലയാളികള്‍ക്കൊരു വാനമ്പാടിയുണ്ട് , യു എ ഇ യുടെ സ്വന്തം അനീഷ ഷഹീര്‍. ബാല്യകാലം മുതല്‍ മൂളിപ്പാട്ടില്‍ ഈണ മീട്ടിയ അനീഷ ഇന്ന് യു എ ഇ യിലെ ഒട്ടുമിക്ക വേദികളിലും നിറസാന്നിധ്യമാണ്. കൊല്ലം പത്തനാപുരം സ്വദേശിനിയായ അനീഷ സംഗീതത്തോട് താത്പര്യം കാട്ടിത്തുടങ്ങിയത് മൂന്ന് വയസ് മുതലാണ്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും, പാട്ടുകളോടു തോന്നിയ പ്രണയം അനീഷയെ സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ മിടുക്കിയാക്കി . പത്തനാപുരം നടുക്കുന്നു എച് എസില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാതിലക പട്ടം ചൂടിയ അനീഷയെ, ഒരു നാട്ടിന്‍ പുറത്തുകാരി യായതിനാല്‍ അധികമാരും അറിയാതെ പോയി. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷഹീര്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ , സംഗീതത്തിന്റെ ഈരടികള്‍ തന്നെ വിട്ടുപിരിയുമോ എന്ന ആശങ്കയൊന്നും അനീഷയ്ക് ഉണ്ടായിരുന്നില്ല .2009 ല്‍ വിവാഹം കഴിഞ്ഞ ശേഷം ദുബായിലേക്ക് പറന്ന അനീഷയ്ക് പിന്നീട് വേദിയൊരുക്കിയത് അറബിനാടാണ് . അബുദാബി കേരള സോഷ്യല്‍ സെന്റെറും അവിടുത്തെ പ്രവര്‍ത്തകരുമാണ് അനീഷയെ ആദ്യമായി ഗള്‍ഫ് നാടിന് പരിചയപെടുത്തുന്നത്. ഇന്ന് യു എ ഇ യുടെ സംഗീത സന്ധ്യകളില്‍ നിറ സാന്നിധ്യമാണ് അനീഷ.
എസ് ജാനകിയുടെ പാട്ടുകള്‍ ഏറെ ഇഷ്ടപെടുന്ന അനീഷയ്ക്കിന്ന് സ്റ്റേജ് ഷോകള്‍ ഏറെയാണ്. ഭര്‍തൃപിതാവ് എ എം ഹംസയുടെ നിസീമമായ പിന്തുണയാണ് അനീഷയുടെ ശക്തി. അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേസ് മാനേജരായി ജോലിനോക്കുകയാണ് ഭര്‍ത്താവ് ഷഹീര്‍. പാട്ടിനെ ഏറെ ഇഷ്ടപെടുന്ന ഷഹീറും അനീഷയ്ക് എല്ലാ വിധ പിന്തുണയും നല്‍കി വരുന്നു . സംഗീതം പഠിച്ചിട്ടില്ലെങ്കിലും, നല്ല ശബ്ദത്തിന്റെ ഉടമയായ അനീഷയ്ക് ഒരു സിനിമയില്‍ പിന്നണി ഗായികയായിപാടണമെന്നാണ് വലിയ ആഗ്രഹം. പൊതു സമൂഹത്തിന്റെ വിശ്വാസം മുതല്‍കൂട്ടാക്കി ജൈത്ര യാത്ര തുടരുകയാണ് അനീഷ. ഒട്ടനവധി മ്യൂസിക് ആല്‍ബങ്ങളിലും അനീഷ പാടിയിട്ടുണ്ട്. ഫാദില്‍ , ഫായ്ഹാ എന്നിവര്‍ മക്കളാണ്. സംഗീതത്തെ കൂടപ്പിറപ്പായി കൊണ്ടു നടക്കുന്ന അനീഷ, സംഗീതത്തിന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു .