ദുബായ് : നിരവധി കൊലപാതകങ്ങൾ നടത്തിയ പിടികിട്ടാ പുള്ളിയെ ദുബായ് പൊലീസ് പിടികൂടി. പോലീസിന്റെ തന്ത്രപരമായ നീക്കത്തിനിടെ ഏഷ്യക്കാരനായ പ്രതി കുടുങ്ങുകയായിരുന്നു. 20 വർഷത്തിന് മുൻപാണ് ഇയാൾ കൊലപാതങ്ങൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏഷ്യക്കാരനായ പ്രതി ഇയാളുടെ നാട്ടിലാണ് കൃത്യം നടത്തിയത്. നിരവധി വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഇന്റർപോൾ ദുബായ് പൊലീസിന് പ്രതിയുടെ 20 വർഷം മുൻപുള്ള ചിത്രവും പഴയ പാസ്പോർട്ട് വിവരങ്ങളും കൈമാറി. ഇയാൾ യുഎഇയിൽ എവിടെയെങ്കിലും ഉണ്ടാകുമെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി. പൊലീസ് രേഖകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ ഫലം കണ്ടില്ല. എന്നാൽ, ദുബായ് പൊലീസിന്റെ അത്യാധുനിക സംവിധാനങ്ങളും ക്രിമിനലുകളുടെ വിവരങ്ങളും പരിശോധിച്ചപ്പോൾ ചില സൂചനകൾ ലഭിച്ചു. പ്രതിയുടെ 20 വർഷം മുൻപുള്ള ചിത്രം പുതിയ സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഒന്നര വർഷമായി യുഎഇയിൽ താമസിക്കുന്ന ഏഷ്യക്കാരൻ ആണോ എന്ന സംശയം ഉയർന്നു.
ഇയാളുടെ വിരലടയാളും മറ്റും വിശദമായി പരിശോധിച്ചപ്പോൾ പ്രതിയുടേതുമായി സാമ്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കൊലപാതങ്ങൾ നടത്തിയ കാര്യം പ്രതി സമ്മതിച്ചു. കഴിഞ്ഞ ഇരുപത് വർഷമായി ലോകത്തിന്റെ പലഭാഗങ്ങളിൽ സഞ്ചരിച്ചുവെന്നും ആരും തിരിച്ചറിഞ്ഞില്ലെന്നും ഇയാൾ പറഞ്ഞു. പാസ്പോർട്ടിലെ വിവരങ്ങളും ഫോട്ടോയും മാറ്റിയാണ് യാത്രകൾ നടത്തിയത്. ഇത്തരത്തിൽ തന്നെയാണ് യുഎഇയിൽ എത്തിയതും.
ഒരിക്കലും ദുബായിൽ വച്ച് പിടിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് പ്രതി പറഞ്ഞു. ഏഷ്യയിലെ ഏത് രാജ്യക്കാരനാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയില്ല. ഇയാളുടെ അറസ്റ്റ് പ്രസ്തുത രാജ്യത്തെ അറിയിച്ചിട്ടുണ്ട്. ദുബായ് പൊലീസിന്റെ കൈവശമുള്ള അത്യതാധുനിക സംവിധാനങ്ങൾ ക്രിമിനലുകളെ പിടികൂടാൻ വലിയ സഹായമാണെന്ന് അധികൃതർ പറഞ്ഞു.